തീവ്രവാദ പ്രവർത്തനങ്ങൾക്കും, തീവ്രവാദ ആശയപ്രചാരണത്തിനുമായി ഇന്റർനെറ്റ്, ഇലക്ട്രോണിക് മാധ്യമങ്ങൾ എന്നിവ ദുരുപയോഗം ചെയ്യുന്നവർക്ക് രാജ്യത്ത് കഠിനമായ ശിക്ഷാ നടപടികൾ നേരിടേണ്ടിവരുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. തീവ്രവാദ ബന്ധമുള്ള സംഘടനകളുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായും, ഇത്തരം സംഘടനകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്കായും വെബ്സൈറ്റുകൾ ഉപയോഗപ്പെടുത്തുന്നതും ഇതേ നിയമങ്ങൾക്ക് കീഴിൽ ശിക്ഷാർഹമാണെന്നും പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.
ഇത്തരം പ്രവർത്തനങ്ങൾക്ക് പിടിക്കപ്പെടുന്നവർക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തെളിയിക്കപ്പെട്ടാൽ 10 വർഷം വരെ തടവും, 5 ദശലക്ഷം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണെന്നും സൗദി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. തീവ്രവാദ സംഘടനകളായി സൗദി അധികൃതർ പ്രഖ്യാപിച്ചിട്ടുള്ള സംഘടനകൾക്കും, അവ മുന്നോട്ട് വെക്കുന്ന ആശയങ്ങൾക്കുമായി വെബ്സൈറ്റുകൾ നിർമ്മിക്കുന്നതും ഇതേ തരത്തിലുള്ള കുറ്റകൃത്യമായി കണക്കാക്കുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു.
ഇത്തരം ആശയങ്ങളെ അനുകൂലിച്ച് കൊണ്ടും, അവയോട് മമത കാണിക്കുന്ന രീതിയിലും, അവയെ പ്രചരിപ്പിക്കുന്ന രീതിയിലും ഇലക്ട്രോണിക് വെബ്സൈറ്റുകൾ, സമൂഹ മാധ്യമങ്ങൾ എന്നിവയിലൂടെ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും രാജ്യത്ത് കുറ്റകൃത്യമായി കണക്കാക്കുന്നതാണ്. ഇത്തരത്തിലുള്ള ആശയങ്ങൾ മറ്റു രീതികളിലൂടെ പങ്ക് വെക്കുന്നതും, ഇത്തരം സംഘടനകളിൽ പ്രവർത്തിക്കുന്നവരുമായി ബന്ധം പുലർത്തുന്നതും, ഇവർക്കായി ധനസമാഹരണം ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവർത്തനങ്ങളും സൗദിയിൽ ഇതേ നിയമങ്ങൾക്ക് കീഴിൽ വരുന്നതാണ്.
ഇതിനു പുറമെ, സ്‌ഫോടനങ്ങൾ നടത്തുന്നതിനായുള്ള ഉപകരണങ്ങൾ, തീവ്രവാദ പ്രവർത്തനങ്ങൾക്കായുള്ള മറ്റു ഉപകരണങ്ങൾ എന്നിവയുടെ വിവരങ്ങൾ പങ്ക് വെക്കുന്നതും, പ്രചരിപ്പിക്കുന്നതുമായുള്ള തരത്തിലുള്ള എല്ലാ പ്രവർത്തനങ്ങളും രാജ്യത്ത് കുറ്റകൃത്യമായി കണക്കാക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു. ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നവർക്കും കഠിനമായ ശിക്ഷ ലഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.