ഖത്തറുമായുള്ള കര, കടൽ, വ്യോമ അതിർത്തികൾ തുറന്നു കൊടുക്കാൻ സൗദി അറേബ്യ തീരുമാനിച്ചതായി കുവൈറ്റ് വിദേശ കാര്യ മന്ത്രി അഹ്മദ് നാസ്സർ അൽ സബാഹ് അറിയിച്ചു. സൗദിയിൽ ജനുവരി അഞ്ച് മുതൽ ആരംഭിക്കാനിരിക്കുന്ന ജി സി സി ഉച്ചകോടിയ്ക്ക് മുൻപായി ജനുവരി 4, തിങ്കളാഴ്ച്ച കുവൈറ്റ് ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് സംബന്ധിച്ച സൂചന നൽകിയത്.
സൗദി അറേബ്യ, യു എ ഇ, ഈജിപ്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾ ഖത്തറുമായി തുടർന്നിരുന്ന നയതന്ത്ര തര്‍ക്കങ്ങളും, രാഷ്ട്രീയ കലഹങ്ങളും പരിഹരിക്കുന്നതിനായുള്ള ഒരു കരാർ തയ്യാറായതായും അദ്ദേഹം സൂചിപ്പിച്ചു. അതിർത്തികൾ തുറക്കുന്ന നടപടികൾ തിങ്കളാഴ്ച്ച മുതൽ തന്നെ പ്രാബല്യത്തിൽ വന്നതായാണ് കുവൈറ്റ് വിദേശ കാര്യ മന്ത്രി അറിയിച്ചത്.
ഈ കരാർ സൗദിയിലെ അൽ ഉലയിൽ വെച്ച് നടക്കുന്ന ജി സി സി ഉച്ചകോടിയിൽ വെച്ച് ജനുവരി 5-ന് ഔദ്യോഗികമായി ഒപ്പ് വെക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന സൂചന. ഇതോടെ 3 വർഷത്തോളമായി ഖത്തറുമായി ഈ രാജ്യങ്ങൾ തുടർന്നുവന്നിരുന്ന തർക്കങ്ങൾക്കും, ഉപരോധത്തിനും പരിഹാരമാകുന്നതാണ്. 2017 ജൂണിലാണ് ഈ രാജ്യങ്ങൾ ഖത്തറിനു മേൽ സാമ്പത്തിക, യാത്രാ, നയതന്ത്ര, വാണിജ്യ മേഖലകളിൽ ഉപരോധം ഏർപ്പെടുത്തിയത്.
ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ (GCC) രാജ്യങ്ങളുടെ വാർഷിക ഉച്ചകോടിക്ക് 2021 ജനുവരി 5-ന് സൗദിയിൽ തുടക്കമാകുന്നതാണ്. 2017 മുതൽ GCC അംഗരാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന ഖത്തറുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ അവസാനിപ്പിക്കുന്നതിനുള്ള കൂടിയാലോചനകൾ ഈ ഉച്ചകോടിയിൽ നടക്കുമെന്നും, ഗൾഫ് രാജ്യങ്ങൾക്കിടയിലെ അനുരഞ്‌ജന സാധ്യതകൾ വിലയിരുത്തുന്നതിനുള്ള കാര്യപരിപാടികളായിരിക്കും ഈ ഉച്ചകോടിയിലെ പ്രധാന വിഷയങ്ങളിലൊന്നെന്നും 2020 ഡിസംബറിൽ തന്നെ കുവൈറ്റിലെ നയതന്ത്ര ഉദ്യോഗസ്ഥർ സൂചന നൽകിയിരുന്നു.
ഗൾഫ് രാജ്യങ്ങൾക്കിടയിലെ അനുരഞ്‌ജന നടപടികൾ കുവൈറ്റ് എമിർ ഷെയ്ഖ് നവാഫ് അൽ സബാഹ്‌യുടെ നേതൃത്വത്തിൽ നടന്നു വരികയായിരുന്നു. ഇദ്ദേഹത്തിന്റെ അഭ്യർത്ഥന മാനിച്ചാണ് സൗദി – ഖത്തർ എന്നിവർക്കിടയിലെ അതിർത്തികൾ തുറക്കാൻ തീരുമാനിച്ചതെന്ന് കുവൈറ്റ് വിദേശ കാര്യ മന്ത്രി വ്യക്തമാക്കി.
ഉപരോധം പിൻവലിക്കുന്നത് സംബന്ധിച്ച് സൗദി ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും,സൗദി കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാനെ ഉദ്ധരിച്ച് കൊണ്ട് സൗദി ന്യൂസ് ഏജൻസി പുറത്തുവിട്ട “മേഖലയിൽ അനുഭവപ്പെടുന്ന വിവിധ പ്രതിസന്ധികൾ കണക്കിലെടുത്ത് ഗൾഫ് രാജ്യങ്ങളെ ഒന്നിപ്പിക്കുന്നതിനാണ് ഇത്തവണത്തെ GCC രാജ്യങ്ങളുടെ വാർഷിക ഉച്ചകോടി ലക്ഷ്യമിടുന്നത്” എന്ന പ്രസ്താവന ഈ സമാധാന സാധ്യതകൾക്ക് അടിവരയിടുന്നു. ഇത്തവണത്തെ GCC രാജ്യങ്ങളുടെ വാർഷിക ഉച്ചകോടി അംഗരാജ്യങ്ങൾക്കിടയിൽ സുരക്ഷ, സമൃദ്ധി, സ്ഥിരത എന്നിവ ഉറപ്പാക്കുമെന്നാണ് യു എ ഇ വിദേശ കാര്യ മന്ത്രി ഡോ. അൻവർ മുഹമ്മദ് ഗർഗാഷ് പ്രതികരിച്ചത്.