ഫൈസർ, ബയോ എൻ ടെക് (BioNTech) എന്നീ കമ്പനികൾ സംയുക്തമായി നിർമ്മിക്കുന്ന COVID-19 വാക്സിൻ രാജ്യത്ത് ഇറക്കുമതി ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും അനുമതി നൽകുന്നതിനായുള്ള ഔദ്യോഗിക രജിസ്ട്രേഷൻ നൽകാൻ സൗദിയിലെ ആരോഗ്യ വകുപ്പുകൾ തീരുമാനിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സൗദിയിലെ ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയാണ് ഫൈസർ വാക്സിനു ഔദ്യോഗിക രജിസ്ട്രേഷൻ നൽകിയിട്ടുള്ളത്.
നവംബർ 24-ന് ഫൈസർ സൗദി അധികൃതരുമായി പങ്ക് വെച്ച വാക്സിൻ സംബന്ധമായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഔദ്യോഗിക രജിസ്ട്രേഷന് അംഗീകാരം നൽകാനുള്ള തീരുമാനം. ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി ഈ റിപ്പോർട്ട് സമഗ്രമായി വിശകലനം ചെയ്ത ശേഷമാണ് ഈ അംഗീകാരം നൽകിയത്. വാക്സിന്റെ സുരക്ഷ, സഫലത തുടങ്ങിയ നിരവധി ഘടകങ്ങൾ സംബന്ധിച്ച കണക്കുകൾ വിശകലനം ചെയ്ത ശേഷമാണ് അതോറിറ്റി ഈ അംഗീകാരം നൽകിയിട്ടുള്ളത്.
വാക്സിൻ നിർമ്മാണത്തിലെ ഗുണമേന്മ, അന്താരാഷ്ട്ര മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിലെ നിഷ്കർഷ തുടങ്ങിയ ഘടകങ്ങളും അതോറിറ്റി പഠനവിധേയമാക്കിയതായാണ് സൂചന. ഇത് സംബന്ധിച്ച വിവരങ്ങളും റിപ്പോർട്ടുകളും ആരോഗ്യ രംഗത്തെ പ്രമുഖരുമായി അതോറിറ്റി ചർച്ച ചെയ്യുകയും തുടർന്ന് അംഗീകാരം നൽകാനുള്ള തീരുമാനത്തിലെത്തുകയുമായിരുന്നു. സുരക്ഷ ഉറപ്പാക്കുന്നതിനായി, ഈ വാക്സിൻ സൗദിയിൽ എത്തുന്ന വേളയിൽ ഓരോ ബാച്ചിൽ നിന്നുമുള്ള ഏതാനം വാക്സിനുകൾ കർശനമായ വിശകലനങ്ങൾക്ക് വിധേയമാക്കുമെന്നും അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഇവ സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനും, രാജ്യത്ത് ഉപയോഗിക്കുന്നതിനും ആവശ്യമായ നടപടികൾ ഉടൻ ആരംഭിക്കുന്നതാണ്.
രാജ്യത്തെ പൊതു സമൂഹത്തിൽ ഈ വാക്സിൻ നൽകുന്നതിനുള്ള പ്രാരംഭ നടപടികൾ ഈ മാസം അവസാനം മുതൽ ആരംഭിക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന സൂചന. ആദ്യ ഘട്ടത്തിൽ 65 വയസ്സിനു മുകളിൽ പ്രായമായവർ, ആരോഗ്യ പ്രവർത്തകർ, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ തുടങ്ങിയ വിഭാഗങ്ങൾക്ക് ഈ വാക്സിൻ നൽകുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.