വിദേശ തീർത്ഥാടകരുടെ ഉംറ തീർത്ഥാടനം: പെർമിറ്റുകൾ പതിനെട്ട് മുതൽ അമ്പത് വയസ് വരെയുള്ളവർക്ക് മാത്രമായി നിജപ്പെടുത്തി

GCC News

വിദേശത്ത് നിന്നെത്തുന്ന തീർത്ഥാടകർക്ക് ഉംറ പെർമിറ്റുകൾ, മറ്റു പ്രാർത്ഥനകൾക്കുള്ള പെർമിറ്റുകൾ എന്നിവ അനുവദിക്കുന്നതിന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം പ്രായപരിധി ഏർപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ റിപ്പോർട്ട് പ്രകാരം ഇത്തരം പെർമിറ്റുകൾ വിദേശത്ത് നിന്നെത്തുന്ന പതിനെട്ട് മുതൽ അമ്പത് വയസ് വരെയുള്ള തീർത്ഥാടകർക്ക് മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്.

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ വിദേശ തീർത്ഥാടകർക്ക് മാത്രമാണ് ഇത്തരം പെർമിറ്റുകൾ അനുവദിക്കുന്നത്. സൗദി ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള വാക്സിനുകൾ ഉപയോഗിച്ച് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ വിദേശ തീർത്ഥാടകർ എൻട്രി വിസ ലഭിക്കുന്നതിനായി വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതാണ്.

വിദേശത്ത് നിന്നുള്ള തീർത്ഥാടകർക്ക് ഉംറ പെർമിറ്റുകൾ, ഗ്രാൻഡ് മോസ്‌ക്, പ്രവാചകന്റെ പള്ളി എന്നിവിടങ്ങളിൽ പ്രാർത്ഥിക്കുന്നതിനുള്ള പെർമിറ്റ് എന്നിവ ലഭിക്കുന്നതിനായി ഓൺലൈൻ ആപ്പുകളിലൂടെ അപേക്ഷിക്കാമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ഏതാനം ദിവസങ്ങൾക്ക് മുൻപ് അറിയിച്ചിരുന്നു. ഇതിനായുള്ള സേവനം ‘Eatmarna’, ‘Tawakkalna’ എന്നീ ആപ്പുകളിൽ ലഭ്യമാക്കിയിട്ടുണ്ട്.