സൗദി: തവക്കൽന ആപ്പിലെ ആരോഗ്യ ഇൻഷുറൻസ് സ്റ്റാറ്റസ് സംബന്ധിച്ച അറിയിപ്പ്

Saudi Arabia

വിദേശത്ത് നിന്ന് സൗദി അറേബ്യയിലെത്തുന്നവരുടെ തവക്കൽന ആപ്പിൽ ആരോഗ്യ ഇൻഷുറൻസ് ഇല്ല എന്ന രീതിയിൽ കാണിക്കുന്ന സ്റ്റാറ്റസ് സംബന്ധിച്ച് സൗദി അധികൃതർ വ്യക്തത നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ആവശ്യമായ മെഡിക്കൽ ഇൻഷുറൻസ് പോളിസി ഇല്ലാത്ത സന്ദർശകർക്കും, ഇൻഷുറൻസ് പോളിസി കാലാവധി അവസാനിച്ച സന്ദർശകർക്കുമാണ് തവക്കൽന ആപ്പിൽ ഇത്തരം സ്റ്റാറ്റസ് രേഖപ്പെടുത്തുന്നത്. വിദേശത്ത് നിന്ന് സൗദിയിലെത്തുന്ന സന്ദർശകർ സൗദിയിൽ തുടരുന്ന മുഴുവൻ കാലയളവിലേക്കും സാധുതയുള്ള മെഡിക്കൽ ഇൻഷുറൻസ് ആവശ്യമാണെന്നും, ഈ ഇൻഷുറൻസ് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ ആപ്പിൽ ഇത് രേഖപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

വിദേശത്ത് നിന്ന് എല്ലാ തരം വിസിറ്റ് വിസകളിലും സൗദിയിലേക്ക് പ്രവേശിക്കുന്ന സന്ദർശകർ COVID-19 ചികിത്സാ പരിരക്ഷ ഉൾപ്പെടുത്തിയിട്ടുള്ള ആരോഗ്യ ഇൻഷുറൻസ് നിർബന്ധമായും എടുത്തിരിക്കണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിട്ടുണ്ട്. ജി സി സി രാജ്യങ്ങളിലെ പൗരന്മാർക്ക് ഒഴികെ എല്ലാ സന്ദർശകർക്കും ഈ നിബന്ധന ബാധകമാണ്.

ഉംറ തീർത്ഥാടകർക്കും ഈ നിബന്ധന ബാധകമാണ്. ഇത്തരം സന്ദർശകരുടെ വിസ കാലാവധി നീട്ടുന്ന അവസരത്തിൽ മെഡിക്കൽ ഇഷുറൻസ് സാധുതാ കാലാവധിയും നീട്ടേണ്ടതാണ്.