സൗദി: ഇരുനൂറോളം നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഗതാഗത പദ്ധതിയുമായി ട്രാൻസ്‌പോർട്ട് അതോറിറ്റി

GCC News

രാജ്യത്തെ ഇരുനൂറ് നഗരങ്ങളെയും, ഗവർണറേറ്റുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ബൃഹത്തായ ഗതാഗത പദ്ധതിയുടെ വിവരങ്ങൾ സൗദി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി (TGA) പങ്ക് വെച്ചു. രാജ്യവ്യാപകമായി 76 റൂട്ടുകളിലൂടെയാണ് ഈ പദ്ധതി ഉപയോഗിച്ച് കൊണ്ട് നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിന് അതോറിറ്റി ലക്ഷ്യമിടുന്നത്.

2022 ഫെബ്രുവരി 2-ന് വൈകീട്ടാണ് TGA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ പദ്ധതിയുടെ ഭാഗമായി ബസ് സേവനങ്ങൾ നൽകുന്നതിനുള്ള ടെണ്ടർ നടപടികളും TGA പ്രഖ്യാപിച്ചിട്ടുണ്ട്.

ഗതാഗത മേഖലയിൽ മത്സരസ്വഭാവം വളർത്തുന്നതിനും, സ്വകാര്യ മേഖലയിൽ നിന്നുള്ള നിക്ഷേപകർക്ക് മികച്ച അവസരങ്ങൾ നൽകുന്നതിനും ഈ ടെണ്ടർ നടപടിയിലൂടെ അതോറിറ്റി ലക്ഷ്യമിടുന്നു. ഗതാഗത മേഖലയിൽ കൂടുതൽ മികച്ച സേവനങ്ങൾ ഉറപ്പ് വരുത്തുന്നതിനും ഈ നടപടി സഹായമാകുമെന്ന് അതോറിറ്റി വ്യക്തമാക്കി.

രാജ്യത്തെ 200 നഗരങ്ങൾ, ഗവർണറേറ്റുകൾ എന്നിവയെ തമ്മിൽ ബന്ധിപ്പിച്ച് കൊണ്ട് 560 ബസുകൾ, 300 ബസ് സ്റ്റോപ്പുകൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഈ പദ്ധതിയിലൂടെ വർഷം തോറും ഏതാണ്ട് ആറ് ദശലക്ഷം യാത്രികർക്ക് യാത്രാ സേവനങ്ങൾ നൽകാനാകുമെന്നാണ് അതോറിറ്റി പ്രതീക്ഷിക്കുന്നത്.