റമദാൻ മാസത്തിൽ വിലക്കേർപ്പെടുത്തിയിട്ടുള്ള സമയങ്ങളിൽ റിയാദ്, ജിദ്ദ നഗരങ്ങളിലേക്ക് പ്രത്യേക മുൻകൂർ അനുമതിയോടെ ട്രക്കുകൾക്ക് പ്രവേശിക്കുന്നതിനായുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച് സൗദി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിപ്പ് നൽകി. 2023 മാർച്ച് 29-ന് പുലർച്ചെയാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ അറിയിപ്പ് പ്രകാരം, റമദാൻ മാസത്തിൽ റിയാദ് നഗരത്തിലേക്കും, ജിദ്ദ ഗവർണറേറ്റിലേക്കും ട്രക്കുകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുള്ള സമയങ്ങളിൽ ഈ ഇലക്ട്രോണിക് അപ്പോയ്ന്റ്മെന്റ് റിസർവേഷൻ സംവിധാനത്തിലൂടെ ട്രക്കുകൾക്ക് പ്രവേശിക്കുന്നതിനുള്ള അനുമതി നേടാവുന്നതാണ്.
ചരക്ക് ഗതാഗത്തിനുള്ള ലൈസൻസ് നേടിയിട്ടുള്ള ട്രക്കുകൾക്ക് ഇലക്ട്രോണിക് ട്രാൻസ്പോർട്ടേഷൻ പോർട്ടലിലെ ‘എൻട്രി സിറ്റീസ്’ സേവനം ഉപയോഗപ്പെടുത്തിക്കൊണ്ട് മുൻകൂർ അനുമതി നേടാവുന്നതും, ഇത് പ്രകാരം ലഭിക്കുന്ന സമയക്രമം പാലിച്ച് കൊണ്ട് നിർദ്ദേശിച്ചിട്ടുള്ള റൂട്ടുകളിലൂടെ ഈ നഗരങ്ങളിലേക്ക് പ്രവേശിക്കാവുന്നതുമാണ്. നഗരത്തിലെ ട്രക്കുകളുടെ തിരക്ക് കുറയ്ക്കുന്നതിനും, ട്രാഫിക് സുഗമമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇത്തരം ഒരു നടപടി.
Cover Image: Saudi General Transport Authority.