രാജ്യത്ത് എല്ലാ തരത്തിലുള്ള വിനോദ പരിപാടികൾക്കും അടുത്ത പത്ത് ദിവസത്തേക്ക് താത്കാലികമായി വിലക്കേർപ്പെടുത്താൻ തീരുമാനയിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ സ്രോതസ്സുകളെ ഉദ്ധരിച്ച് കൊണ്ട് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 4, വ്യാഴാഴ്ച്ച വൈകീട്ട് 10 മണി മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതാണ്.
COVID-19 വ്യാപനം തടയുന്നതിനായി സാമൂഹിക ഒത്ത് ചേരലുകൾ പരമാവധി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ഇതിന്റെ ഭാഗമായി രാജ്യത്തെ സിനിമാശാലകൾ, ഇൻഡോർ വിനോദ കേന്ദ്രങ്ങൾ, ഷോപ്പിംഗ് സെന്ററുകളിലും മറ്റും പ്രവർത്തിക്കുന്ന വിനോദ കേന്ദ്രങ്ങൾ മുതലായവ അടയ്ക്കുന്നതിനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
ഫെബ്രുവരി 4 മുതൽ താഴെ പറയുന്ന പ്രവർത്തനങ്ങൾക്കാണ് സൗദിയിൽതാത്കാലിക വിലക്കേർപ്പെടുത്തുന്നത്:
- വിവാഹം, വാണിജ്യ സമ്മേളനങ്ങൾ തുടങ്ങിയ എല്ലാ ചടങ്ങുകളും, ആഘോഷ പരിപാടികളും താത്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചിട്ടുണ്ട്. പ്രത്യേക വേദികളിലും, വിവാഹ ഹാളുകളിലും, റസ്റ്റ് ഹൗസുകൾ, ക്യാമ്പുകൾ മുതലായ ഇടങ്ങളിലും നടക്കുന്ന ചടങ്ങുകൾക്ക് ഈ 30 ദിവസത്തെ വിലക്ക് ബാധകമാണ്. ആവശ്യമെങ്കിൽ ഈ കാലയളവ് നീട്ടുന്നതാണ്.
- സമൂഹ ചടങ്ങുകളിൽ അടുത്ത പത്ത് ദിവസത്തേക്ക് (കാലാവധി ആവശ്യമെങ്കിൽ നീട്ടുന്നതാണ്) പരമാവധി 20 പേർക്കാണ് പങ്കെടുക്കാൻ അനുമതി നൽകുന്നത്.
- എല്ലാ തരത്തിലുള്ള വിനോദ പരിപാടികൾക്കും അടുത്ത പത്ത് ദിവസത്തേക്ക് താത്കാലികമായി വിലക്കേർപ്പെടുത്തും.
- സിനിമാശാലകൾ, ഇൻഡോർ വിനോദ കേന്ദ്രങ്ങൾ, റെസ്റ്ററന്റുകൾ, ഷോപ്പിംഗ് മാളുകൾ, സ്പോർട്സ് സെന്ററുകൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന വിനോദ കേന്ദ്രങ്ങൾ മുതലായവ അടുത്ത പത്ത് ദിവസം അടച്ചിടേണ്ടതാണ്.
- റെസ്റ്ററന്റുകൾ, കഫേകൾ മുതലായ ഭക്ഷണശാലകളിൽ, ഭക്ഷണം ഇരുന്ന് കഴിക്കുന്നതിന് 10 ദിവസത്തെ വിലക്കേർപ്പെടുത്തി. ഭക്ഷണശാലകളിൽ ഈ കാലയളവിൽ പാർസൽ സേവനങ്ങൾക്ക് മാത്രമാണ് അനുമതി. പാർസൽ സേവനങ്ങൾ നൽകുന്ന അവസരത്തിൽ ആൾക്കൂട്ടം അനുവദിക്കുന്നതല്ല.
ഈ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തുന്ന സ്ഥാപനങ്ങൾ 24 മണിക്കൂർ നേരത്തേക്ക് അടച്ചിടേണ്ടിവരുമെന്ന് മിനിസ്ട്രി ഓഫ് മുൻസിപ്പൽ, റൂറൽ അഫയേഴ്‌സ് ആൻഡ് ഹൗസിങ്ങ് അറിയിച്ചു. ലംഘനങ്ങൾ ആവർത്തിക്കുന്ന സ്ഥാപനങ്ങൾ ആദ്യ തവണ ആവർത്തിക്കുന്നതിന് 48 മണിക്കൂറും, രണ്ടാമത് ആവർത്തിക്കുന്നതിന് ഒരാഴ്ച്ചയും, മൂന്നാമത് അവർത്തിക്കുന്നതിന് 2 ആഴ്ച്ചയും അടച്ചിടേണ്ടിവരുന്നതാണ്. നാലാം തവണയും ലംഘനം ആവർത്തിക്കുന്ന സ്ഥാപനങ്ങൾ ഒരു മാസം അടച്ചിടേണ്ടിവരുന്നതാണ്.
COVID-19 വ്യാപനം തടയുന്നതിനായി, 2021 ഫെബ്രുവരി 3, ബുധനാഴ്ച്ച മുതൽ ഇന്ത്യ ഉൾപ്പടെ 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിലേക്ക് പ്രവേശിക്കുന്നതിന് താത്കാലിക സൗദി ആഭ്യന്തര മന്ത്രാലയം വിലക്കേർപ്പെടുത്തിയിരുന്നു.