വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ഉംറ തീർത്ഥാടനം 2021 ഓഗസ്റ്റ് 10 മുതൽ ആരംഭിക്കുന്ന അവസരത്തിൽ, ആദ്യ സംഘത്തിൽ 20000 തീർത്ഥാടകർക്ക് അനുമതി നൽകുമെന്ന് സൗദി ഹജ്ജ് വകുപ്പ് അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിദേശത്ത് നിന്നുള്ള തീർത്ഥാടകരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ഉംറ തീർത്ഥാടനം 2021 ഓഗസ്റ്റ് 10 മുതൽ പുനരാരംഭിക്കുമെന്ന് ജൂലൈ 25-ന് സൗദി അധികൃതർ അറിയിച്ചിരുന്നു.
ആദ്യ ഘട്ടത്തിൽ, സൗദിയിലേക്ക് പ്രവേശന വിലക്കുകളില്ലാത്തതും, COVID-19 സുരക്ഷിത രാജ്യങ്ങളായി കരുതുന്നതുമായ ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്കാണ് ഇത്തരത്തിൽ ഉംറ അനുഷ്ഠിക്കുന്നതിനായി സൗദിയിലേക്ക് പ്രവേശനം അനുവദിക്കുന്നതെന്ന് ഹജ്ജ് വകുപ്പ് വക്താവ് ഹിഷാം സയീദ് അറിയിച്ചതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സൗദി ആരോഗ്യ മന്ത്രാലയം, വ്യോമയാന വകുപ്പ് എന്നിവർ മുന്നോട്ട് വെക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരമാണ് ഇത്തരം തീർത്ഥാടകർക്ക് അനുമതി നൽകുന്നത്. നിലവിൽ സൗദിയിലേക്ക് യാത്രാവിലക്കുകൾ നിലനിൽക്കുന്ന ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് നേരിട്ട് പ്രവേശനം അനുവദിക്കില്ല.
ഉംറ അനുഷ്ഠിക്കുന്നതിനായി വിദേശത്ത് നിന്ന് പ്രവേശനാനുമതി നൽകുന്ന തീർത്ഥാടകരുടെ എണ്ണം പടിപടിയായി ഉയർത്തുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 2021 ജൂലൈ 25 മുതൽ നിലവിൽ സൗദിയിലുള്ള പൗരന്മാരും, പ്രവാസികളുമായ ഉംറ തീർത്ഥാടകർക്ക് മക്കയിലെ ഗ്രാൻഡ് മോസ്കിലേക്ക് പ്രവേശനം നൽകി തുടങ്ങിയിരുന്നു. ഇത്തരത്തിൽ ഉംറ തീർത്ഥാടകരുടെ ആദ്യ സംഘം ജൂലൈ 25, ഞായറാഴ്ച്ച പുലർച്ചെ ഗ്രാൻഡ് മോസ്കിലെത്തിയിരുന്നു.
വിദേശത്ത് നിന്നെത്തുന്ന തീർത്ഥാടകർക്ക് സേവനങ്ങൾ നൽകുന്നതിനായി അഞ്ഞൂറോളം ഉംറ സേവന കമ്പനികളും, ആറായിരത്തിലധികം ഉംറ ഏജന്റുമാരും ആഗോളതലത്തിൽ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി അധികൃതർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങൾ, വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള വിദേശ തീർത്ഥാടകർക്ക്, ഓഗസ്റ്റ് 9 മുതൽ സൗദിയിലേക്ക് പ്രവേശിക്കുന്നതിന് ആവശ്യമായ സേവനങ്ങൾ നൽകിത്തുടങ്ങുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.