സൗദിയിലേക്ക് പ്രവേശിക്കുന്നതിന് യാത്രാ വിലക്കുകൾ നിലനിൽക്കുന്ന ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് നിബന്ധനകളോടെ നേരിട്ട് പ്രവേശിക്കുന്നതിന് അനുമതി നൽകാൻ തീരുമാനിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് ഓഗസ്റ്റ് 24-ന് വൈകീട്ടാണ് സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയത്.
ഈ അറിയിപ്പ് പ്രകാരം, സൗദിയിൽ നിന്ന് COVID-19 വാക്സിൻ രണ്ട് ഡോസുകളും സ്വീകരിച്ച ശേഷം സ്വന്തം നാടുകളിലേക്ക് യാത്ര ചെയ്തിട്ടുള്ള റെസിഡൻസി വിസക്കാർക്കാണ് സൗദിയിലേക്ക് നേരിട്ട് യാത്ര ചെയ്യുന്നതിന് അനുമതി നൽകിയിരിക്കുന്നത്. ഇന്ത്യ, പാകിസ്ഥാൻ, ഇന്തോനേഷ്യ, ഈജിപ്ത്, തുർക്കി, അർജന്റീന, ബ്രസീൽ, സൗത്ത് ആഫ്രിക്ക, യു എ ഇ, എത്യോപ്യ, വിയറ്റ്നാം, അഫ്ഘാനിസ്ഥാൻ, ലെബനൻ എന്നീ രാജ്യങ്ങളിൽ നിന്നാണ് സൗദിയിലേക്ക് നേരിട്ടുള്ള യാത്രാ വിലക്കുകൾ നിലനിൽക്കുന്നത്.
സൗദി പൗരന്മാർ, നയതന്ത്ര പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയ വിഭാഗങ്ങൾക്ക് മാത്രമാണ് യാത്രാ വിലക്കുകളുള്ള രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് പ്രവേശനം നൽകിയിരുന്നത്. മറ്റുള്ള മുഴുവൻ യാത്രികർക്കും യാത്രാ വിലക്കില്ലാത്ത ഒരു രാജ്യത്ത് 14 ദിവസത്തെ ക്വാറന്റീനിനു ശേഷം മാത്രമാണ് സൗദിയിലേക്ക് പ്രവേശിക്കാൻ അനുമതി നൽകിയിരുന്നത്.
ഈ പുതിയ തീരുമാനത്തോടെ സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്ത ശേഷം എക്സിറ്റ് ആൻഡ് റീ-എൻട്രി വിസകളിൽ മടങ്ങിയിട്ടുള്ള സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്ന് നേരിട്ട് സൗദിയിലേക്ക് യാത്ര ചെയ്യാൻ അവസരം ലഭിക്കുന്നതാണ്.
താഴെ പറയുന്ന നിബന്ധനകൾ പ്രകാരമാണ് ഈ പ്രവേശനം അനുവദിക്കുന്നത്:
- സാധുതയുള്ള റെസിഡൻസി പെർമിറ്റുകളുള്ള പ്രവാസികൾക്കാണ് ഈ അനുമതി.
- ഇവർ സൗദിയിൽ നിന്ന് COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും സ്വീകരിച്ചവരായിരിക്കണം.
- അതിന് ശേഷം എക്സിറ്റ് ആൻഡ് റീ-എൻട്രി വിസകളിൽ സൗദിയിൽ നിന്ന് മടങ്ങിയവർക്ക് മാത്രമാണ് ഈ തീരുമാന പ്രകാരം നേരിട്ട് പ്രവേശനം നൽകുന്നത്.
സൗദിയിലെ ഇന്ത്യൻ എംബസിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മേൽപ്പറഞ്ഞ വിഭാഗങ്ങളിൽപ്പെടുന്ന പ്രവാസികൾക്ക് ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാൻ അനുമതി ലഭിക്കുമെന്നും, സൗദിയിലേക്ക് പ്രവേശിക്കുന്നതിന് ഇവർക്ക് മൂന്നാമതൊരു രാജ്യത്ത് ക്വാറന്റീൻ ആവശ്യമില്ലെന്നും എംബസി അറിയിച്ചു. ഈ തീരുമാനം നടപ്പിലാക്കുന്നതിന്റ നടപടിക്രമങ്ങൾ സൗദി വിദേശകാര്യ മന്ത്രാലയം താമസിയാതെ അറിയിക്കുമെന്നും എംബസി വ്യക്തമാക്കിയിട്ടുണ്ട്.