COVID-19 വാക്സിനെടുക്കുന്നതിൽ നിന്ന് ഔദ്യോഗികമായി ഇളവ് നേടിയിട്ടുള്ള വിദ്യാർത്ഥികളെ രോഗപ്രതിരോധശക്തി നേടിയ വിഭാഗം വിദ്യാർത്ഥികൾക്കൊപ്പം കണക്കാക്കുമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇവരെ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ വിദ്യാർത്ഥികളായി കണക്കാക്കുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് മാത്രമാണ് സൗദിയിൽ സ്കൂളുകളിൽ നേരിട്ടെത്തുന്നതിന് അനുമതി നൽകിയിരിക്കുന്നത്. വ്യക്തമായ ആരോഗ്യ കാരണങ്ങളാൽ മാത്രമാണ് സൗദിയിൽ വാക്സിനെടുക്കുന്നതിൽ ഇളവ് അനുവദിക്കുന്നത്. കൃത്യമായ മെഡിക്കൽ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് ഇത്തരം ഇളവുകൾ അനുവദിക്കുന്നത്.
ഇതിനായി ഇത്തരക്കാർക്ക് COVID-19 വാക്സിനിലടങ്ങിയിട്ടുള്ള വിവിധ ഘടകങ്ങൾ പെട്ടന്നുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ക്ലിനിക്കൽ പരിശോധനകളിൽ തെളിയിക്കേണ്ടതാണ്. വാക്സിനെടുക്കുന്നതിൽ ഇളവ് ലഭിക്കുന്നതിനുള്ള മെഡിക്കൽ രേഖകൾ, അപേക്ഷകൾ എന്നിവ exempt@moh.gov.sa എന്ന വിലാസത്തിൽ ആരോഗ്യ മന്ത്രാലയത്തിൽ സമർപ്പിക്കാവുന്നതാണ്.
രാജ്യത്തെ വിദ്യാലയങ്ങളിലെയും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും 12 വയസിന് മുകളിൽ പ്രായമുള്ള, COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാകാത്തവരായ, വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 12, ഞായറാഴ്ച്ച മുതൽ ഹാജർ അനുവദിക്കില്ലെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
വിദ്യാലയങ്ങളിലെത്തുന്ന വിദ്യാർത്ഥികൾ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. സ്കൂൾ ബസുകൾക്ക് മുഴുവൻ സീറ്റുകളിലും വിദ്യാർത്ഥികളെ ഇരുത്തുന്ന രീതിയിൽ സേവനം നൽകാമെന്നും മന്ത്രാലയം അറിയിച്ചു.