സൗദി: തൊഴിലാളികളെ മറ്റു തൊഴിലുടമകൾക്ക് കീഴിൽ തൊഴിലെടുക്കാൻ അനുവദിക്കുന്ന പ്രവാസികളെ നാട് കടത്തുമെന്ന് മുന്നറിയിപ്പ്

GCC News

രാജ്യത്ത് ഒരു തൊഴിലുടമയുടെ കീഴിൽ വർക്ക് പെർമിറ്റുകളുള്ള പ്രവാസികൾ, വ്യക്തിപരമായ ലാഭങ്ങൾക്കായി മറ്റു തൊഴിലുകളിൽ ഏർപ്പെടുന്നതിനെതിരെയും, പ്രവാസികളെ ഇത്തരത്തിൽ മറ്റു ജോലികൾ ചെയ്യാൻ അനുവദിക്കുന്ന തൊഴിലുടമകൾക്കെതിരെയും സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്) മുന്നറിയിപ്പ് ആവർത്തിച്ചു. ഇത്തരം പ്രവർത്തികൾ അനുവദിക്കുന്ന പ്രവാസി തൊഴിലുടമകളെ നാട് കടത്തുമെന്നും ജവാസത് അറിയിച്ചിട്ടുണ്ട്.

ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്ന തൊഴിലുടമകൾക്കും, പ്രവാസികൾക്കും തടവ്, പിഴ എന്നിവ ശിക്ഷയായി ലഭിക്കാമെന്നും ജവാസത് വ്യക്തമാക്കിയിട്ടുണ്ട്. 2021 ഒക്ടോബർ 31-ന് വൈകീട്ടാണ് ജവാസത് ഇത് സംബന്ധിച്ച അറിയിപ്പ് ആവർത്തിച്ചത്. പ്രവാസി തൊഴിലാളികളെ വ്യക്തിപരമായ ലാഭങ്ങൾക്കായി മറ്റു തൊഴിലുകളിൽ ഏർപ്പെടുന്നതിനും, മറ്റു ജോലികൾ ചെയ്യുന്നതിനും അനുവദിക്കുന്ന തൊഴിലുടമകൾക്കെതിരെ താഴെ പറയുന്ന ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നാണ് ജവാസത് അറിയിച്ചിരിക്കുന്നത്:

  • ഒരു ലക്ഷം റിയാൽ വരെ പിഴ.
  • തൊഴിലുടമ പ്രവാസിയാണെങ്കിൽ സൗദിയിൽ നിന്ന് നാട് കടത്തുന്നതാണ്.
  • ആറ് മാസം വരെ തടവ്.
  • ഇത്തരം തൊഴിലുടമകൾക്ക് അഞ്ച് വർഷം വരെ തൊഴിലാളികളെ നിയമിക്കുന്നതിന് വിലക്കേർപ്പെടുത്തുന്നതാണ്.
  • ഇത്തരം കേസുകളിലെല്ലാം ഒരു തൊഴിലുടമയ്ക്ക് കീഴിൽ ഇത്തരത്തിൽ അനധികൃത പ്രവർത്തികളിലേർപ്പെടുന്ന തൊഴിലാളികളുടെ എണ്ണം എത്രയാണോ, അത്രയും തവണ പിഴ ചുമത്തുന്നതാണ്.