രാജ്യത്തെ പൗരന്മാർക്ക് ഏർപ്പെടുത്തിയിട്ടുള്ള, സൗദിയിൽ നിന്ന് പുറത്തേക്കും, തിരികെയുമുള്ള യാത്രാ വിലക്കുകൾ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ മെയ് 17 വരെ തുടരാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനുവരി 29, വെള്ളിയാഴ്ച്ച രാത്രിയാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കിയത്.
രാജ്യത്തെ മുഴുവൻ അതിർത്തികളും തുറക്കുന്നതും, വ്യോമഗതാഗതം പുനരാരംഭിക്കുന്നതും ഉൾപ്പടെയുള്ള നടപടികളും മെയ് 17 വരെ നീട്ടിവെക്കാൻ തീരുമാനിച്ചതായും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം നിയന്ത്രണങ്ങൾ 2021 മാർച്ച് 31 മുതൽ ഒഴിവാക്കുമെന്നും, മാർച്ച് 31 മുതൽ രാജ്യത്തെ എല്ലാ അതിർത്തികളും തുറക്കുമെന്നും, വ്യോമഗതാഗതം പുനരാരംഭിക്കുമെന്നുമാണ് ആഭ്യന്തര മന്ത്രാലയം ജനുവരി 8-ന് അറിയിച്ചിരുന്നത്.
നിലവിൽ ആഗോള തലത്തിൽ വാക്സിൻ വിതരണത്തിൽ നേരിടുന്ന മാന്ദ്യവും, വീണ്ടും രൂക്ഷമാകുന്ന കൊറോണ വൈറസ് വ്യാപനവും കണക്കിലെടുത്താണ് യാത്രാ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിനുള്ള തീയ്യതി 2021 മാർച്ച് 31-ൽ നിന്ന് മെയ് 17-ലേക്ക് നീട്ടാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. രാജ്യാതിർത്തികൾ പൂർണ്ണമായി തുറന്ന് കൊടുക്കുന്നതിനും, യാത്രാ നിയന്ത്രണങ്ങൾ പൂർണ്ണമായി ഒഴിവാക്കുന്നതിനും മുൻപായി രാജ്യത്തെ ഭൂരിഭാഗം പേരിലേക്കും വാക്സിനേഷൻ നടപടികൾ എത്തിക്കുക എന്ന ലക്ഷ്യമിട്ടാണ് ഈ തീരുമാനം. ഫൈസർ വാക്സിനു അനുഭവപ്പെടുന്ന ക്ഷാമം മൂലം സൗദിയിൽ പുതിയതായി COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ ആഗ്രഹിക്കുന്നവരുടെ ബുക്കിംഗ് തീയതികൾ പുനഃക്രമീകരിച്ചിരുന്നു.