രാജ്യത്തെ സ്വകാര്യ മേഖല വാണിജ്യ സ്ഥാപനങ്ങളിലെ എഞ്ചിനീയറിംഗ് തൊഴിലുകളിൽ 20 ശതമാനം സൗദി പൗരന്മാർക്കായി നീക്കി വെക്കാൻ തീരുമാനിച്ചതായി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് അറിയിച്ചു. ബിരുദധാരികളായ സൗദി പൗരന്മാർക്ക് മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനായാണ് മന്ത്രാലയം ഈ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.
അഞ്ചോ അതിലധികമോ ജീവനക്കാർ എഞ്ചിനീയറിംഗ് പദവികളിൽ തൊഴിലെടുക്കുന്ന സൗദിയിലെ എല്ലാ സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്കും ഈ തീരുമാനം ബാധകമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 2021 തുടക്കം മുതൽ ഈ തീരുമാനം നടപ്പിലാക്കുന്നതാണ്.
സൗദി എഞ്ചിനീയർമാർക്കായി ഏതാണ്ട് 7000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് മന്ത്രാലയം ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ തൊഴിൽ അന്വേഷിക്കുന്ന സൗദി എഞ്ചിനീയറിംഗ് ബിരുദധാരികൾക്കും, അടുത്ത വർഷം ബിരുദം നേടാനിരിക്കുന്ന സൗദി പൗരന്മാർക്കും തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതാണ് ഈ തീരുമാനം. ഓരോ വർഷവും എഞ്ചിനീയറിംഗ് ബിരുദം നേടുന്ന സൗദി പൗരമാരുടെ എണ്ണത്തിനനുസരിച്ച് സ്വദേശിവത്കരണത്തിന്റെ ശതമാനം വർദ്ധിപ്പിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.