സൗദി: COVID-19 സാമ്പത്തിക ആഘാതം മറികടക്കാൻ കടുത്ത നടപടികൾ; VAT നിരക്ക് വർദ്ധിപ്പിക്കും

GCC News

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക മേഖലയിൽ ഉടലെടുത്തിട്ടുള്ള പ്രതിസന്ധികൾ തരണം ചെയ്യുന്നതിനായി കടുത്ത നടപടികൾ നടപ്പിലാക്കാനൊരുങ്ങുകയാണ് സൗദി അറേബ്യ. ഇതിന്റെ ഭാഗമായി ജീവിത ചിലവുകളിൽ നൽകിവരുന്ന ഇളവുകൾ ഒഴിവാക്കാനും, മൂല്യ വർദ്ധിത നികുതി (VAT) വർദ്ധിപ്പിക്കാനും തീരുമാനിച്ചതായി സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദ്ആന്‍ വ്യക്തമാക്കി.

എണ്ണവിലയിൽ ഉണ്ടായിട്ടുള്ള വൻ ഇടിവ് സൗദിയിലെ സാമ്പത്തിക രംഗത്ത് മുൻപെങ്ങുമില്ലാത്ത ആശങ്കകൾ സൃഷ്ടിച്ചതായും, ഇത് മറികടക്കുന്നതിനായി കടുത്ത നടപടികൾ കൈക്കൊളേണ്ടിവരുമെന്നും ഏതാനം ദിവസങ്ങൾക്ക് മുൻപ് ധനകാര്യ മന്ത്രി സൂചന നൽകിയിരുന്നു. വിഷൻ 2030-യുടെ കീഴിൽ നടപ്പാക്കാനിരുന്ന ഏകദേശം 100 ബില്യൺ റിയാലിന്റെ വിവിധ പദ്ധതികൾ താത്കാലികമായി നിർത്തിവെക്കാനും, ചില പദ്ധതികൾ റദ്ദ് ചെയ്യാനും സൗദി തീരുമാനിക്കുന്നതായാണ് വിവരം.

ജീവിത ചിലവുകളിൽ നൽകിവരുന്ന ഇളവുകൾ ജൂൺ 1 മുതൽ താത്കാലികമായി നിർത്തിവെക്കും. സർക്കാർ ജീവനക്കാരുടെ വിവിധ ആനുകൂല്യങ്ങളെ കുറിച്ച് പഠിക്കുന്നതിന് ഒരു പ്രത്യേക കമ്മിറ്റിയെ നിയമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ കമ്മിറ്റി 30 ദിവസത്തിനകം നൽകുന്ന പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികളെക്കുറിച്ച് ആലോചിക്കും.

നിലവിൽ 5 ശതമാനം ഉള്ള VAT നിരക്ക് ജൂലായ് 1 മുതൽ 15 ശതമാനമാക്കി വർദ്ധിപ്പിക്കുമെന്നും ധനമന്ത്രി അറിയിച്ചു. രാജ്യത്തെ സമ്പദ്ഘടനയെ ശക്തിപ്പെടുത്തുന്നതിനായാണ് ഈ നടപടികൾ എന്ന് മന്ത്രി കൂട്ടിച്ചേർത്തു. വരും നാളുകളിൽ സൗദിയിൽ കൂടുതൽ സാമ്പത്തിക നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാണ്.