ഉംറ തീർത്ഥാടനം, ഗ്രാൻഡ് മോസ്ക്കിലേക്ക് പ്രാർത്ഥനകൾക്കായുള്ള പ്രവേശനം എന്നിവ COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചവർക്ക് മാത്രമായി പരിമിതപ്പെടുത്തിയ നിലവിലെ തീരുമാനം തുടരുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹജ്ജ് ആൻഡ് ഉംറ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി ഈ വർഷത്തിലെ റമദാൻ മാസത്തിന്റെ ആരംഭം മുതൽ, COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്കും, COVID-19 രോഗമുക്തരായവർക്കും മാത്രമാണ് ഉംറ അനുഷ്ഠിക്കുന്നതിനും, ഗ്രാൻഡ് മോസ്ക്കിലേക്ക് പ്രവേശിക്കുന്നതിനും അനുമതി നൽകുന്നത്.
ഈ നടപടികൾ തുടരുമെന്നാണ് ഹജ്ജ്, ഉംറ മന്ത്രാലയത്തിലെ സ്രോതസ്സുകൾ സൂചിപ്പിക്കുന്നത്. വാക്സിൻ സ്വീകരിക്കാത്തവർക്ക് ഹജ്ജ് അനുഷ്ഠിക്കുന്നതിനോ, ഗ്രാൻഡ് മോസ്ക്കിൽ പ്രവേശിക്കുന്നതിനോ അനുമതി ലഭിക്കില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മന്ത്രാലയത്തിൽ നിന്ന് ലഭിക്കുന്ന സൂചനകൾ പ്രകാരം താഴെ പറയുന്ന വിഭാഗങ്ങളിലുള്ളവർക്കാണ് റമദാൻ മാസത്തിന് ശേഷവും, ഹജ്ജ് അനുഷ്ഠിക്കുന്നതിനും, ഗ്രാൻഡ് മോസ്ക്കിൽ പ്രാർത്ഥിക്കുന്നതിനുമുള്ള പെർമിറ്റുകൾ അനുവദിക്കുന്നത്:
- സൗദി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവർ.
- സൗദി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിൻ ഒരു ഡോസ് കുത്തിവെപ്പ് സ്വീകരിച്ചവർ. ഇവർ ആദ്യ ഡോസ് കുത്തിവെപ്പ് സ്വീകരിച്ച് 14 ദിനം പൂർത്തിയാക്കിയിരിക്കണം.
- COVID-19 രോഗമുക്തി നേടിയവർ.
റമദാൻ മാസത്തിന്റെ ആരംഭം മുതൽ ഉംറ പെർമിറ്റുകൾ ഈ മാനദണ്ഡങ്ങൾ പ്രകാരമാണ് അനുവദിക്കുന്നത്. ‘Eatmarna’, ‘Tawakkalna’ എന്നീ ആപ്പുകൾ വഴി പെർമിറ്റുകൾക്ക് അപേക്ഷിക്കുന്നവരുടെ COVID-19 വാക്സിനേഷൻ സ്റ്റാറ്റസ് പരിശോധിച്ച ശേഷമാണ് പെർമിറ്റുകൾ ലഭിക്കുന്നത്.