സൗദി അറേബ്യ: രണ്ടാം ഘട്ട COVID-19 വാക്സിനേഷൻ നടപടികൾ ഫെബ്രുവരി 18 മുതൽ ആരംഭിക്കുന്നു

Saudi Arabia

രാജ്യത്തെ രണ്ടാം ഘട്ട COVID-19 വാക്സിനേഷൻ നടപടികൾ ഫെബ്രുവരി 18, വ്യാഴാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 16-ന് രാത്രിയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

സൗദിയിലെ വാക്സിനേഷൻ നടപടികളിൽ സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽപ്പെടുന്ന കൂടുതൽ പേരെ ഉൾപ്പെടുത്തുമെന്നും, രാജ്യത്തിന്റെ കൂടുതൽ മേഖലകളിലേക്ക് വാക്സിനേഷൻ വ്യാപിപ്പിക്കുമെന്നും ആരോഗ്യ വകുപ്പിലെ അസിസ്റ്റന്റ് ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുല്ലാഹ് അസിരി വ്യക്തമാക്കി. വാക്സിൻ നൽകുന്നതിനായി ദിനംപ്രതി അനുവദിക്കുന്ന മുൻ‌കൂർ അനുമതികളുടെ എണ്ണം കൂട്ടുമെന്നും അദ്ദേഹം അറിയിച്ചു.

രാജ്യത്ത് നിലവിൽ കുത്തിവെക്കാൻ അനുമതി നൽകിയിട്ടുള്ള എല്ലാ വാക്സിനുകൾക്കും രണ്ട് ഡോസ് കുത്തിവെപ്പ് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ വാക്സിൻ സ്വീകരിക്കാൻ താത്പര്യം കാണിക്കുന്നവരുടെ എണ്ണത്തിൽ വലിയ തോതിൽ വർദ്ധനവ് രേഖപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. ഇതുവരെ 2 ദശലക്ഷം പേർ കുത്തിവെപ്പിനായി രജിസ്റ്റർ ചെയ്തുവെന്ന് അദ്ദേഹം അറിയിച്ചു.

അതേസമയം, രാജ്യത്തെ പ്രായമായവരോടും, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ളവരോടും, അമിതവണ്ണമുള്ളവരോടും COVID-19 വാക്സിൻ സ്വീകരിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ നടപടികൾ എത്രയും വേഗത്തിൽ പൂർത്തിയാക്കാൻ സൗദി ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.