സൗദി അറേബ്യ: ഉംറ തീർത്ഥാടനത്തിനായുള്ള സ്മാർട്ട്ഫോൺ ആപ്പ് സെപ്റ്റംബർ 27-ന് നിലവിൽ വരും

Saudi Arabia

ഉംറ തീർത്ഥാടകർക്കുള്ള പ്രവേശനാനുമതി നിയന്ത്രിക്കുന്നതിനുള്ള സ്മാർട്ട്ഫോൺ ആപ്പ് സെപ്റ്റംബർ 27 മുതൽ ലഭ്യമാകുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് അതോറിറ്റിയുമായി ചേർന്നാണ് മന്ത്രാലയം ഈ മൊബൈൽ ആപ്പ് തയ്യാറാക്കുന്നത്.

തീർത്ഥാടകർക്ക് അനുവദനീയമായ സമയക്രമങ്ങളും മറ്റും ‘I’tamarna’ എന്ന് പേരിട്ടിട്ടുള്ള ഈ ആപ്പിലൂടെയായിരിക്കും നിയന്ത്രിക്കുക എന്ന് മന്ത്രാലയം അറിയിച്ചിരുന്നു. തീർത്ഥാടന സംബന്ധിയായ യാത്രാക്രമങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതിനും, യാത്രാ സംവിധാനങ്ങളുൾപ്പടെയുള്ള മറ്റു സേവനങ്ങൾ ലഭ്യമാക്കുന്നതിനും ഈ സ്മാർട്ട്ഫോൺ ആപ്പ് തീർത്ഥാടകർക്ക് സഹായം നൽകുന്നതാണ്.

ഇത് കൂടാതെ, തീർത്ഥാടകർ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ഈ ആപ്പിലൂടെ അധികൃതർക്ക് സാധിക്കുന്നതാണ്. ഈ ആപ്പ് iOS, ആൻഡ്രോയിഡ് ഫോണുകളിൽ പ്രവർത്തിക്കുന്ന രീതിയിലാണ് തയ്യാറാക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.

കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ഉംറ തീർത്ഥാടനത്തിന് ഏർപ്പെടുത്തിയ താത്കാലിക വിലക്കുകൾ ഘട്ടം ഘട്ടമായി പിൻവലിക്കുന്നതിന്റെ ഭാഗമായി, ഒക്ടോബർ 4 മുതൽ സൗദിയിൽ നിലവിലുള്ള പൗരന്മാർക്കും, പ്രവാസികൾക്കും തീർത്ഥാടനത്തിന് അനുമതി നൽകാൻ തീരുമാനിച്ചതായി ഹജ്ജ്, ഉംറ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.