രാജ്യത്തെ സ്വകാര്യ മേഖലയിലുള്ള വാണിജ്യ സ്ഥാപനങ്ങളിലെ കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി തൊഴിലുകളിൽ സൗദി പൗരന്മാർക്ക് മുൻഗണന നൽകാൻ തീരുമാനിച്ചതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (HRSD) അറിയിച്ചു. ഒക്ടോബർ 5, തിങ്കളാഴ്ച്ച HRSD മന്ത്രി സുലൈമാൻ അൽ രജ്‌ഹിയാണ് ഇക്കാര്യം അറിയിച്ചത്.
അഞ്ചോ അതിലധികമോ ജീവനക്കാർ കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി പദവികളിൽ തൊഴിലെടുക്കുന്ന സൗദിയിലെ എല്ലാ സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്കും ഈ തീരുമാനം ബാധകമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പ്രോഗ്രാമിങ്ങ്, അപ്ലിക്കേഷൻ ഡെവലപ്മെന്റ്, ടെക്നിക്കൽ അനാലിസിസ്, ടെക്നിക്കൽ സപ്പോർട്ട് മുതലായ തൊഴിലുകളിൽ ഈ തീരുമാനം ബാധകമാകുന്നതാണ്.
ഈ തീരുമാനത്തോടെ സ്വകാര്യ മേഖലയിൽ സൗദി പൗരന്മാർക്ക് ഏതാണ്ട് 9000 പുതിയ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ബിരുദധാരികളായ സൗദി പൗരന്മാർക്ക് മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ നയത്തിന്റെ ഭാഗമാണ് ഈ തീരുമാനം. 2021 തുടക്കം മുതൽ സ്വകാര്യ വാണിജ്യ സ്ഥാപനങ്ങളിലെ എഞ്ചിനീയറിംഗ് തൊഴിലുകളിൽ 20 ശതമാനം സൗദി പൗരന്മാർക്കായി നീക്കി വെക്കാൻ തീരുമാനിച്ചതായി മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.