സൗദി: ഹജ്ജ് പെർമിറ്റ് അനുവദിക്കുന്നതിന് COVID-19 വാക്സിനേഷൻ നിർബന്ധമാക്കാൻ ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നതായി സൂചന

Saudi Arabia

വിദേശത്ത് നിന്നെത്തുന്ന ഹജ്ജ് തീർത്ഥാടകർക്ക് COVID-19 വാക്സിനേഷൻ നിർബന്ധമാക്കുന്നതിനെക്കുറിച്ച് സൗദി ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം തയ്യാറാക്കുന്ന പ്രത്യേക ആരോഗ്യ സുരക്ഷാ പദ്ധതിയിലാണ് ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ ഉൾപ്പെടുത്താൻ ആലോചനകൾ നടക്കുന്നതായി മന്ത്രാലയത്തിലെ സ്രോതസ്സുകളെ ഉദ്ധരിച്ച് കൊണ്ട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

2021-ലെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്ന മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും COVID-19 വാക്സിൻ കുത്തിവെപ്പ് നിർബന്ധമാണെന്ന് സൗദി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ ഏതാനം ദിവസങ്ങൾക്ക് മുൻപ് വ്യക്തമാക്കിയിരുന്നു. വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാത്ത ആരോഗ്യ പ്രവർത്തകരെ തീർത്ഥാടന നടപടികളിൽ ഉൾപ്പെടുത്തുന്നതല്ലെന്നും സൗദിയിലെ ഹജ്ജുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലേക്ക് നൽകിയ ഒരു ഔദ്യോഗിക വിജ്ഞാപനത്തിൽ മാർച്ച് ആദ്യ വാരത്തിൽ അദ്ദേഹം അറിയിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ വിദേശത്ത് നിന്നെത്തുന്ന തീർത്ഥാടകർക്കും വാക്സിനേഷൻ നിർബന്ധമാക്കുന്നതിനെക്കുറിച്ച് മന്ത്രാലയം ആലോചിക്കുന്നത്.

ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് ലഭിക്കുന്ന സൂചനകൾ അനുസരിച്ച്, 2021 ജൂലൈ 13-ന് മുൻപായി മക്ക, മദീന എന്നീ നഗരങ്ങളിലെ ഏതാണ്ട് 60 ശതമാനം പേർക്കും വാക്സിൻ കുത്തിവെപ്പ് നൽകുന്ന നടപടികൾ പൂർത്തിയാക്കുന്നതിനായാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ടുള്ള പ്രത്യേക ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്ന മുഴുവൻ പ്രവർത്തകരും രാജ്യത്ത് അംഗീകാരം നൽകിയിട്ടുള്ള COVID-19 വാക്സിനിന്റെ 2 ഡോസ് കുത്തിവെപ്പ് പൂർത്തിയാക്കേണ്ടതാണ്. ഇതിന് പുറമെ, ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്ന ആഭ്യന്തര തീർത്ഥാടകരും ജൂലൈ 13-ന് മുൻപായി രാജ്യത്ത് അംഗീകാരം നൽകിയിട്ടുള്ള COVID-19 വാക്സിനിന്റെ 2 ഡോസ് കുത്തിവെപ്പ് പൂർത്തിയാക്കേണ്ടതാണ്.

വിദേശത്ത് നിന്നെത്തുന്ന തീർത്ഥാടകർ, സൗദിയിൽ പ്രവേശിക്കുന്നതിന് മുൻപായി, നിർബന്ധമായും ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനിന്റെ 2 ഡോസ് കുത്തിവെപ്പുകൾ പൂർത്തിയാക്കണമെന്ന വ്യവസ്ഥ ഈ പദ്ധതിയുടെ കീഴിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് മന്ത്രാലയം ആലോചിക്കുന്നതായും സ്രോതസ്സുകൾ സൂചിപ്പിച്ചു. ഇതിൽ രണ്ടാമത്തെ ഡോസ് കുത്തിവെപ്പ് സൗദിയിലേക്ക് പ്രവേശിക്കുന്നതിന് 7 ദിവസം മുൻപെങ്കിലും പൂർത്തിയാക്കേണ്ടതാണ്. ഇവർക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ നേടിയ COVID-19 PCR ടെസ്റ്റ് റിസൾട്ട് നിർബന്ധമായിരിക്കും. ഇതിന് പുറമെ, രാജ്യത്ത് പ്രവേശിച്ച ശേഷം ഇവർക്ക് 72 മണിക്കൂർ ക്വാറന്റീൻ ഏർപ്പെടുത്തുന്നതിനും സാധ്യതയുണ്ട്. ഈ ക്വാറന്റീൻ കാലയളവിൽ ഇവർക്ക് ഒരു തവണ കൂടി PCR ടെസ്റ്റ് നടത്തുന്നതാണ്.