രാജ്യത്തെ മുഴുവൻ ജീവനക്കാർക്കും തങ്ങളുടെ തൊഴിലിടങ്ങളിൽ പ്രവേശിക്കുന്നതിന് COVID-19 വാക്സിൻ കുത്തിവെപ്പ് നിർബന്ധമാക്കാൻ തീരുമാനിച്ചതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്പ്മെന്റ് (HRSD) അറിയിച്ചു. സൗദിയിലെ പൊതു, സ്വകാര്യ മേഖലകളുൾപ്പടെ മുഴുവൻ തൊഴിൽ മേഖലകളിലും ഈ തീരുമാനം ബാധകമാണെന്നാണ് HRSD അറിയിച്ചിരിക്കുന്നത്.
മെയ് 7, വെള്ളിയാഴ്ച്ച പുലർച്ചെയാണ് HRSD ഇക്കാര്യം അറിയിച്ചത്. ഇതിന്റെ ഭാഗമായി മുഴുവൻ ജീവനക്കാരോടും വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കുന്നതിനുള്ള രെജിസ്ട്രേഷൻ പൂർത്തിയാക്കാൻ HRSD ആവശ്യപ്പെട്ടിട്ടുണ്ട്. തൊഴിലിടങ്ങളിൽ സുരക്ഷിതമായി തിരികെയെത്തുന്നതിന് ഈ നടപടി അനിവാര്യമാണെന്ന് HRSD വ്യക്തമാക്കി.
രാജ്യത്തെ COVID-19 രോഗവ്യാപനം തടയുന്നതിനായുള്ള നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം. ഈ തീരുമാനം നടപ്പിലാക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങൾ, തീയ്യതികൾ മുതലായ വിവരങ്ങൾ മന്ത്രാലയം ഉടൻ തന്നെ അറിയിക്കുന്നതാണ്.