സൗദി: വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാർക്ക് COVID-19 വാക്സിനേഷൻ നിർബന്ധമാക്കുന്നു

GCC News

2021 ഓഗസ്റ്റ് 1 മുതൽ രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ ജീവനക്കാർക്കും COVID-19 വാക്സിനേഷൻ നിർബന്ധമാക്കാൻ തീരുമാനിച്ചതായി സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ജീവനക്കാർക്ക് തൊഴിലിടങ്ങളിൽ പ്രവേശിക്കുന്നതിന് വാക്സിൻ കുത്തിവെപ്പ് നിർബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

“ഓഗസ്റ്റ് 1 മുതൽ രാജ്യത്തെ പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, മന്ത്രാലയത്തിന് കീഴിലുള്ള ഓഫീസുകളിലും രണ്ട് ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പെടുത്തവർ, ഒരു ഡോസ് കുത്തിവെപ്പ് സ്വീകരിച്ചവർ, COVID-19 രോഗമുക്തി നേടിയവർ എന്നീ വിഭാഗങ്ങളിൽ പെടുന്ന ജീവനക്കാർക്കും, പൊതുജനങ്ങൾക്കും മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. ഇവർ വാക്സിനേഷൻ/ രോഗമുക്തി സംബന്ധമായ തെളിവ് ‘Tawakkalna’ ആപ്പിലൂടെ ഹാജരാക്കേണ്ടതാണ്.”, മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.

ഈ തീരുമാനം സുഗമമായി നടപ്പിലാക്കുന്നതിനായി മന്ത്രാലയത്തിന് കീഴിലുള്ള ജീവനക്കാരോട് എത്രയും വേഗം വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

2021 ഓഗസ്റ്റ് 1 മുതൽ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമായിരിക്കും രാജ്യത്തെ തൊഴിലിടങ്ങളിലും, വാണിജ്യ കേന്ദ്രങ്ങളിലും പ്രവേശനം അനുവദിക്കുക എന്ന് സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.