സൗദി: വിദേശ ഉംറ തീർത്ഥാടകാരിൽ നിന്നുള്ള അപേക്ഷകൾ സ്വീകരിക്കുന്ന നടപടികൾ ഓഗസ്റ്റ് 9 മുതൽ ആരംഭിക്കും

GCC News

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ വിദേശികളിൽ നിന്നുള്ള ഉംറ തീർത്ഥാടനത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്ന നടപടികൾ ഓഗസ്റ്റ് 9 മുതൽ ആരംഭിക്കുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഓഗസ്റ്റ് 8, ഞായറാഴ്ച്ച രാവിലെയാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് ഉംറ പെർമിറ്റുകൾ അനുവദിക്കുന്നതിനുള്ള അപേക്ഷകൾ ഓഗസ്റ്റ് 9 മുതൽ പടിപടിയായി സ്വീകരിച്ച് തുടങ്ങുമെന്നും, വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ഉംറ തീർത്ഥാടനം 2021 ഓഗസ്റ്റ് 10 മുതൽ ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. കർശനമായ COVID-19 സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് മക്കയിലും, മദീനയിലും തീർത്ഥാടകർക്ക് പ്രവേശനം അനുവദിക്കുന്നത്. ഉംറ അപേക്ഷകളോടൊപ്പം മുഴുവൻ തീർത്ഥാടകരും തങ്ങളുടെ വാക്സിനേഷൻ രേഖകൾ നൽകേണ്ടതാണ്.

മാസം തോറും 2 ദശലക്ഷം തീർത്ഥാടകർക്ക് ഉംറ അനുഷ്ഠിക്കുന്നതിനുള്ള അനുമതി നൽകുന്ന രീതിയിലേക്ക് തീർത്ഥാടനം വിപുലീകരിക്കുമെന്നാണ് സൗദി പ്രസ് ഏജൻസി അറിയിച്ചിരിക്കുന്നത്.