സൗദി അറേബ്യയിൽ 2021 തുടക്കം മുതൽ പുതിയ ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്നതിനുള്ള നടപടികൾ പുനരാരംഭിക്കാൻ സാധ്യതയുള്ളതായി റോയ്‌റ്റേഴ്‌സ് റിപ്പോർട്ട് ചെയ്‌തു. കൊറോണ വൈറസ് സാഹചര്യത്തിൽ പുതിയ ടൂറിസ്റ്റ് വിസകൾ നൽകുന്നതിനുള്ള നടപടികൾ മാസങ്ങളായി സൗദി താത്‌കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
സൗദി ടൂറിസം വകുപ്പ് മന്ത്രി അഹ്‌മദ് അൽ ഖത്തീബ് റോയ്‌റ്റേഴ്‌സിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്. സൗദിയുടെ സമ്പദ്‌വ്യവസ്ഥയിലെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നായി ടൂറിസം മേഖലയെ വളർത്തുന്നതിന് ലക്ഷ്യമിടുന്ന നിരവധി പദ്ധതികൾ രാജ്യം നടപ്പിലാക്കാൻ ഉദ്ദേശിച്ച് വരികയാണ്.
“നിലവിലെ സാഹചര്യത്തിൽ, അടുത്ത വർഷത്തിന്റെ ആരംഭം മുതൽ വിദേശങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്ക് സൗദിയിലേക്ക് പ്രവേശനം നൽകാനാകുമെന്നാണ് ടൂറിസം മന്ത്രാലയം കരുതുന്നത്. എന്നാൽ വാക്സിൻ സംബന്ധമായി ശുഭസൂചകമായ കാര്യങ്ങൾ സംഭവിക്കുന്ന പക്ഷം, ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്നത് നേരത്തെ ആക്കുന്നതിനുള്ള സാധ്യത തള്ളിക്കളയാനാകില്ല.”, അദ്ദേഹം വ്യക്തമാക്കി.
നിലവിൽ സൗദിയുടെ സമ്പദ്‌വ്യവസ്ഥയിലെ ആകെ വരുമാനത്തിന്റെ 3.5 ശതമാനം ടൂറിസം മേഖലയിൽ നിന്നുമാണ്. ഇത് അടുത്ത പത്ത് വർഷത്തിനിടയിൽ 10 ശതമാനത്തിലേക്ക് ഉയർത്താന്നതിനാണ് സൗദി ലക്ഷ്യമിടുന്നത്.
രാജ്യത്തെ വിനോദസഞ്ചാര മേഖലയിൽ, 2023-ഓടെ 260,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അൽ ഖത്തീബ് നേരത്തെ വ്യക്തമാക്കിയിരുന്നു. ആഭ്യന്തര, വിദേശ സന്ദർശകരുൾപ്പടെ, സൗദിയിലെ വിനോദ സഞ്ചാര മേഖലയിൽ അടുത്ത പത്ത് വർഷത്തിനിടയിൽ, 100 മില്യൺ വാർഷിക സന്ദർശകർ എന്ന നേട്ടത്തിലേക്ക് ലക്‌ഷ്യം വെച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് നിലവിൽ നടപ്പിലാക്കുന്നത്.