VAT നിരക്കിലെ വർദ്ധനവ് COVID-19 മഹാമാരി അവസാനിച്ച ശേഷം പുനഃപരിശോധിക്കുമെന്ന് സൗദി

GCC News

രാജ്യത്ത് മൂല്യവർദ്ധിത നികുതി (Value Added Tax – VAT) വർദ്ധിപ്പിച്ച നടപടി, നിലവിലെ COVID-19 മഹാമാരിയുടെ പ്രതിസന്ധി അവസാനിച്ച ശേഷം സൗദി അറേബ്യ പുനഃപരിശോധിക്കുമെന്ന് സൂചന. സൗദിയിലെ മാധ്യമ വകുപ്പ് മന്ത്രി മജീദ് അൽ ഖസബിയെ ഉദ്ധരിച്ച് കൊണ്ട് ഏതാനം പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

5 ശതമാനം ഉണ്ടായിരുന്ന മൂല്യ വർദ്ധിത നികുതി നിരക്ക് ജൂലായ് 1 മുതൽ സൗദി അറേബ്യ 15 ശതമാനമാക്കി ഉയർത്തിയിരുന്നു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക മേഖലയിൽ ഉടലെടുത്തിട്ടുള്ള പ്രതിസന്ധികൾ തരണം ചെയ്യുന്നതിനായാണ് VAT വർദ്ധിപ്പിക്കാൻ മെയ് മാസത്തിൽ സൗദി തീരുമാനിച്ചത്. തുടർന്ന് ഇ-കോമേഴ്‌സ് സ്ഥാപനങ്ങളിലൂടെ, രാജ്യത്തിനു പുറത്തു നിന്ന് സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്കും 15 ശതമാനം മൂല്യ വർദ്ധിത നികുതി ചുമത്താൻ സൗദി തീരുമാനിക്കുകയായിരുന്നു.

മൂല്യ വർദ്ധിത നികുതി മൂന്നിരട്ടിയായി വർദ്ധിപ്പിച്ച തീരുമാനം രാജ്യത്തെ നിവാസികൾക്ക് സൃഷ്ടിച്ചിട്ടുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് ബോധവാനാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ തീരുമാനം സാമ്പത്തിക മേഖലയിൽ ഉടലെടുത്തിട്ടുള്ള പ്രതിസന്ധികൾ തരണം ചെയ്യുന്നതിനായി കൈക്കൊണ്ടതാണെന്നും, ഈ പ്രതിസന്ധിയിൽ അയവ് വരുന്ന പശ്ചാത്തലത്തിൽ ഇത് സംബന്ധിച്ച് ഭേദഗതികൾ നടപ്പിലാക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുജനങ്ങളുടെ മേൽ VAT നികുതിയുടെ പേരിൽ ചൂഷണങ്ങൾ ഉണ്ടാകാതിരിക്കുന്നതിനായി വാണിജ്യ മേഖലയിൽ പരിശോധനകൾ വ്യാപകമാക്കിയതായും അദ്ദേഹം വ്യക്തമാക്കി.