സൗദി: പുതിയ അധ്യയന വർഷം ഓഗസ്റ്റ് 30 മുതൽ; ആദ്യ 7 ആഴ്ച്ച വിദൂര വിദ്യാഭ്യാസ രീതി തുടരും

GCC News

സൗദിയിലെ പൊതു വിദ്യാലയങ്ങളിലെ പുതിയ അധ്യയന വർഷത്തിനു ഓഗസ്റ്റ് 30, ഞായറാഴ്ച്ച തുടക്കമാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ഹമദ് അൽ ഷെയ്ഖ് അറിയിച്ചു. COVID-19 പശ്ചാത്തലത്തിൽ പുതിയ അധ്യയന വർഷത്തിലെ ആദ്യ 7 ആഴ്ചത്തെ പ്രവർത്തനങ്ങൾക്കായി വിദൂര വിദ്യാഭ്യാസ രീതി തുടരുമെന്ന് മന്ത്രി വ്യക്തമാക്കി. ഓഗസ്റ്റ് 15 ശനിയാഴ്ചയാണ് ഇത് സംബന്ധിച്ച അറിയിപ്പുകൾ വിദ്യാഭ്യാസ മന്ത്രാലയം നൽകിയത്.

“ഓഗസ്റ്റ് 30 മുതൽ വിദൂര വിദ്യാഭ്യാസ രീതിയിൽ പഠനം ആരംഭിക്കും. സാഹചര്യങ്ങൾ കണക്കിലെടുത്ത്, ഈ അധ്യയന വർഷം വിദൂര വിദ്യാഭ്യാസ രീതിയിൽ ആരംഭിക്കാനാണ് ഞങ്ങൾ തീരുമാനിച്ചിട്ടുള്ളത്. ആദ്യ 7 ആഴ്ചകൾക്ക് ശേഷം ഇത് തുടരേണ്ടതുണ്ടോ എന്ന് അപ്പോഴത്തെ സാഹചര്യങ്ങൾ വിലയിരുത്തി തീരുമാനിക്കുന്നതാണ്.”, അൽ ഷെയ്ഖ് വ്യക്തമാക്കി. യൂണിവേഴ്സിറ്റികളിലെയും, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സൈദ്ധാന്തികമായ ക്ലാസുകൾ വിദൂര വിദ്യാഭ്യാസ രീതിയിലും, പ്രായോഗിക ക്ലാസുകൾ വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ അധ്യയന വർഷത്തിലെ ആദ്യ 7 ആഴ്ചകളിൽ വിദ്യാലയങ്ങളിലെ നടത്തിപ്പ്‌ ചുമതലയുള്ള ജീവനക്കാർ ആഴ്ചയിൽ എല്ലാ പ്രവർത്തിദിനങ്ങളിലും ഹാജരാകേണ്ടതാണ്. എല്ലാ അധ്യാപകരും വിദൂര വിദ്യാഭ്യാസ സംവിധാനങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് അധ്യയനം നൽകേണ്ടതും, ആഴ്ചയിൽ ഒരിക്കലെങ്കിലും വിദ്യാലയങ്ങളിൽ ഹാജരാകേണ്ടതുമാണ്.

വിദൂര വിദ്യാഭ്യാസ രീതിയിലെ അധ്യയനം ‘മൈ സ്‌കൂൾ’ എന്ന സംവിധാനത്തിലൂടെയും, ഐൻ ടി വി ചാനലിലൂടെയും മന്ത്രാലയം ലഭ്യമാക്കുന്നതാണ്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം ദിനവും ഇന്റര്മീഡിയറ്റ്, ഹൈസ്‌കൂൾ വിഭാഗക്കാർക്ക് രാവിലെ 7 മുതലും, പ്രാഥമിക വിഭാഗക്കാർക്ക് വൈകീട്ട് 3 മുതലുമാണ് ക്ലാസുകൾ ആരംഭിക്കുന്നത്.

കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ മാർച്ച് 9 മുതൽ സൗദിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും താത്കാലികമായി നിർത്തലാകുകയും, പിന്നീട് വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ അധ്യയനം പുനരാരംഭിക്കുകയും ചെയ്തിരുന്നു.