സൗദി അറേബ്യയും യു എസും ബഹിരാകാശം, നിക്ഷേപം, ഊർജം തുടങ്ങിയ വിവിധ മേഖലകളിൽ 18 കരാറുകളിൽ ഒപ്പ് വെച്ചു

GCC News

ബഹിരാകാശം, നിക്ഷേപം, ഊർജം, ആശയവിനിമയം, ആരോഗ്യം എന്നീ മേഖലകളിൽ ഒത്ത് ചേർന്ന് പ്രവർത്തിക്കുന്നതിനായി 18 കരാറുകളിൽ സൗദി അറേബ്യയും, യു എസും ഒപ്പ് വെച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇതിന്റെ ഭാഗമായി സൗദി അറേബ്യയുടെ ഊർജ, നിക്ഷേപ, വാർത്താവിനിമയ, ആരോഗ്യ മന്ത്രിമാർ യു എസുമായുള്ള കരാറിൽ ഒപ്പ് വെച്ചതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. മേൽപ്പറഞ്ഞ കരാറുകൾ നിക്ഷേപം, ഊർജം, ഐസിടി, ബഹിരാകാശം, ആരോഗ്യം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണത്തിനുള്ള പുതിയ പാതകൾ തുറക്കുന്നു.

യു എസ് പ്രസിഡന്റ് ജോ ബൈഡന്റെ സൗദി സന്ദർശന വേളയിലാണ് ഈ ഉഭയകക്ഷി കരാറുകളിൽ ഒപ്പുവച്ചത്. ഇതിൽ സൗദി നിക്ഷേപ മന്ത്രാലയം, റോയൽ കമ്മീഷൻ ഫോർ ജുബൈൽ ആൻഡ് യാൻബു, മറ്റു നിരവധി സ്വകാര്യ മേഖലാ കമ്പനികൾ എന്നിവരുമായി ഉണ്ടാക്കിയ 13 കരാറുകൾ ഉൾപ്പെടുന്നതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബോയിംഗ് എയ്‌റോസ്‌പേസ്, റേതിയോൺ ഡിഫൻസ് ഇൻഡസ്‌ട്രീസ്, മെഡ്‌ട്രോണിക്, ഡിജിറ്റൽ ഡയഗ്‌നോസ്റ്റിക്‌സ്, IKVIA എന്നിവയ്ക്ക് പുറമെ ഊർജം, ടൂറിസം, വിദ്യാഭ്യാസം, ഉൽപ്പാദനം, ടെക്‌സ്‌റ്റൈൽസ് തുടങ്ങിയ മേഖലകളിൽ നിന്നുള്ള നിരവധി യു എസ് കമ്പനികളും ഈ കരാറുകളിൽ ഉൾപ്പെടുന്നു.

അമേരിക്കൻ ബഹിരാകാശ ഏജൻസിയുമായി സഹകരിച്ച് ചന്ദ്രന്റെയും ചൊവ്വയുടെയും സംയുക്ത പര്യവേക്ഷണം നടത്തുന്നതിനായി യു എസ് ബഹിരാകാശ ഏജൻസിയും (NASA) സൗദി ബഹിരാകാശ അതോറിറ്റിയും ആർട്ടെമിസ് കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. സമാധാനപരമായ ആവശ്യങ്ങൾക്കായി ചന്ദ്രൻ, ചൊവ്വ, ധൂമകേതുക്കൾ, ഛിന്നഗ്രഹങ്ങൾ എന്നിവയുടെ സിവിൽ പര്യവേക്ഷണത്തിനും ഉപയോഗത്തിനും ഈ കരാർ ശുപാർശ ചെയ്യുന്നു.

സൗദി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MCIT) പ്രമുഖ ഡിജിറ്റൽ ടെക് കമ്പനിയായ ഐബിഎമ്മുമായി സഹകരണ ധാരണാപത്രത്തിൽ ഒപ്പുവച്ചിട്ടുണ്ട്. ഇതിലൂടെ മിഡിൽ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും അഞ്ച് വർഷത്തിനുള്ളിൽ 100,000 യുവതീ യുവാക്കൾക്ക് പരിശീലനം നൽകുന്നതിനും, 8 നൂതന സംരംഭങ്ങളിലൂടെ സാങ്കേതികവിദ്യയുടെയും നൂതനത്വത്തിന്റെയും കേന്ദ്രമായി സൗദി അറേബ്യയെ സ്ഥാപിക്കുന്നതിനും ലക്ഷ്യമിടുന്നു.

യു എസ് നാഷണൽ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷനുമായി (NTIA) ചേർന്ന് കൊണ്ട് 5G, 6G സാങ്കേതികവിദ്യകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ഉറപ്പാക്കുന്ന ഒരു സഹകരണ മെമ്മോറാണ്ടത്തിലും MCIT ഒപ്പ് വെച്ചിട്ടുണ്ട്. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനും രാജ്യത്തിന്റെ ഡിജിറ്റൽ ആവാസവ്യവസ്ഥയിൽ ഗവേഷണം, വികസനം, നവീകരണം എന്നിവയുടെ വേഗത വർദ്ധിപ്പിക്കാനും ഈ കരാർ ലക്ഷ്യമിടുന്നു.

സൗദി അറേബ്യയിലെയും യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലെയും ഊർജ മന്ത്രാലയങ്ങൾ ക്ലീൻ എനർജി സംബന്ധിച്ച ഒരു പങ്കാളിത്ത കരാറിൽ ഒപ്പ് വെച്ചിട്ടുണ്ട്. പൊതുജനാരോഗ്യം, മെഡിക്കൽ സയൻസ്, ഗവേഷണം എന്നിവയുമായി ബന്ധപ്പെട്ട സഹകരണ മെമ്മോറാണ്ടത്തിൽ സൗദി, യു എസ് ആരോഗ്യ മന്ത്രാലയങ്ങൾ ഒപ്പ് വെച്ചിട്ടുണ്ട്.

WAM