സൗദി: പൊതു ഇടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് വാക്സിനേഷൻ നിർബന്ധമാക്കുന്നതിനുള്ള തീരുമാനം പ്രാബല്യത്തിൽ വന്നു

GCC News

COVID-19 വാക്സിൻ കുത്തിവെപ്പെടുക്കാത്തവർക്ക് രാജ്യത്തെ പൊതു ഇടങ്ങളിലേക്ക് പ്രവേശനം നിയന്ത്രിക്കുന്നതിനുള്ള തീരുമാനം 2021 ഓഗസ്റ്റ് 1, ഞായറാഴ്ച്ച മുതൽ പ്രാബല്യത്തിൽ വന്നതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതോടെ സൗദിയിലെ സർക്കാർ, സ്വകാര്യ ഓഫീസുകൾ, വാണിജ്യ കേന്ദ്രങ്ങൾ തുടങ്ങിയ പൊതു ഇടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കേണ്ടത് നിർബന്ധമാകുന്നതാണ്.

ഓഗസ്റ്റ് 1-ന് പുലർച്ചെയാണ് സൗദി ആഭ്യന്തര മന്ത്രാലയം രാജ്യവ്യാപകമായി ഈ നിയമം പ്രാബല്യത്തിൽ വന്നതായി ജനങ്ങളെ ഓർമ്മപ്പെടുത്തിയത്. വാക്സിനെടുക്കാത്തവർക്ക് ഓഗസ്റ്റ് 1 മുതൽ സർക്കാർ ഓഫീസുകളിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സൗദിയുടെ എല്ലാ മേഖലകളിലെയും പൊതുഇടങ്ങളിൽ ഈ നിയമം ബാധകമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റ് 1 മുതൽ രാജ്യത്തെ സർക്കാർ കെട്ടിടങ്ങളിലേക്കും, പൊതുഗതാഗത സംവിധാനങ്ങളിലേക്കും, രാജ്യത്ത് നടക്കുന്ന സാമൂഹിക ചടങ്ങുകളിലേക്കും, വാണിജ്യ പ്രവർത്തനങ്ങൾ, സാംസ്‌കാരിക പരിപാടികൾ, വിനോദപരിപാടികൾ, കായികവിനോദ വേദികൾ മുതലായ ഇടങ്ങളിലേക്കുമെല്ലാം വാക്സിനെടുത്തവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്.

സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിലെത്തുന്ന സന്ദർശകർക്കും, ജീവനക്കാർക്കും വാക്സിനേഷൻ നിർബന്ധമാണ്. വാക്സിനെടുക്കാത്തവർക്ക് ഇത്തരം ഇടങ്ങളിലേക്കും, ചടങ്ങുകളിലേക്കും പ്രവേശനം നൽകിഅനുവദിക്കില്ല. രാജ്യത്തെ ജനങ്ങളിൽ ഈ നിയമം സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിനായി കഴിഞ്ഞ ഏതാനം ദിവസങ്ങളായി സൗദി ആഭ്യന്തര മന്ത്രാലയം സമൂഹ മാധ്യമങ്ങളിലൂടെ വലിയ പ്രചാരണ പരിപാടികൾ നടത്തിയിരുന്നു.

രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും ഇത്തരം ഇടങ്ങളിലേക്ക് പ്രവേശനം ലഭിക്കുന്നതിനായി തങ്ങളുടെ വാക്സിനേഷൻ സ്റ്റാറ്റസ് പരിശോധനകൾക്ക് നൽകുന്നതിന് ‘Tawakkalna’ ആപ്പ് ഉപയോഗപ്പെടുത്താവുന്നതാണ്. സൗദി അറേബ്യ അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിൻ മുഴുവൻ ഡോസ് കുത്തിവെപ്പുകളും പൂർത്തിയാക്കിയവർക്കും, ഒരു ഡോസ് കുത്തിവെപ്പെടുത്തവർക്കും, COVID-19 രോഗമുക്തി നേടിയവർക്കുമാണ് ഓഗസ്റ്റ് 1 മുതൽ പൊതു ഇടങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നത്. വാണിജ്യ കേന്ദ്രങ്ങൾ, ഷോപ്പിംഗ് മാളുകൾ, ചില്ലറ വില്പനശാലകൾ, പൊതു മാർക്കറ്റുകൾ, റെസ്റ്ററന്റുകൾ, കഫേ, ബാർബർ ഷോപ്പ്, ബ്യൂട്ടി സലൂൺ മുതലായവ ഇടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് ഓഗസ്റ്റ് 1 മുതൽ വാക്സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. ഈ നിയമം പ്രാബല്യത്തിൽ വന്നതോടെ, വാക്സിനെടുക്കുന്നതിനായി കഴിഞ്ഞ ഏതാനം ദിവസങ്ങളിൽ സൗദിയിൽ അനുഭവപ്പെട്ടിരുന്ന തിരക്ക് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.