രാജ്യത്തെ പകർപ്പവകാശ നിയമങ്ങൾ ലംഘിച്ച് കൊണ്ട്, സൗദി സോക്കർ ലീഗ് മത്സരങ്ങൾ, സിനിമകൾ എന്നിവ പ്രക്ഷേപണം ചെയ്യുന്നവർക്ക് തടവും, കനത്ത പിഴയും നേരിടേണ്ടിവരുമെന്ന് സൗദി അതോറിറ്റി ഫോർ ഇന്റലെക്ച്യുൽ പ്രോപ്പർട്ടി (SAIP) മുന്നറിയിപ്പ് നൽകി. ഇത്തരം മത്സരങ്ങളുടെയും മറ്റും പ്രക്ഷേപണാവകാശങ്ങൾ ലംഘിച്ച് കൊണ്ട് നടത്തുന്ന ഇത്തരം പ്രവർത്തികൾക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്നും അതോറിറ്റി വ്യക്തമാക്കി.
കായിക മത്സരങ്ങൾ, സിനിമകൾ എന്നിവയുടെ പ്രക്ഷേപണാവകാശങ്ങൾ നേടിയിട്ടുള്ളവരിൽ നിന്ന് നിയമപ്രകാരമുള്ള അനുമതി കൂടാതെ ഇത്തരം ഉള്ളടക്കം അനധികൃതമായി പ്രക്ഷേപണം ചെയ്യുന്നതിന് ആർക്കും അവകാശമില്ലെന്ന് SAIP ഡയറക്ടർ അബ്ദുൽ അസീസ് അൽ റാബിയ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ 2.5 ലക്ഷം റിയാൽ പിഴ, തടവ് എന്നീ ശിക്ഷാ നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിന് പുറമെ, പകർപ്പവകാശ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ഇത്തരം പരിപാടികൾ കാണുന്നതിന് സഹായിക്കുന്ന ഉപകരണങ്ങൾ വിൽക്കുന്നവരുടെ സ്ഥാപനങ്ങൾ അടച്ച് പൂട്ടുമെന്നും അധികൃതർ അറിയിച്ചു. പ്രക്ഷേപണാവകാശങ്ങൾ നേടിയിട്ടുള്ളവരിൽ നിന്ന് നിയമപ്രകാരമുള്ള അനുമതി കൂടാതെ കായികമത്സരങ്ങൾ ഇന്റർനെറ്റ് സംവിധാനങ്ങളിലൂടെയോ, IPTV സേവനങ്ങളിലൂടെയോ പ്രക്ഷേപണം ചെയ്യുന്നതിന് രാജ്യത്ത് ആർക്കും അനുമതിയില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
പ്രക്ഷേപണാവകാശങ്ങൾ നേടിയിട്ടുള്ളവരുടെ പേര് എഴുതിക്കാണിച്ച് കൊണ്ട് മാത്രം പ്രക്ഷേപണം ചെയ്യുന്നത് നിയമലംഘനമല്ലാതെയാകുന്നില്ലെന്നും അൽ റാബിയ ചൂണ്ടിക്കാട്ടി. ഇത്തരം പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നവർ, പ്രക്ഷേപണാവകാശങ്ങൾ നേടിയിട്ടുള്ളവരിൽ നിന്ന്, രേഖാമൂലം ഔദ്യോഗിക അനുമതി നേടിയിരിക്കേണ്ടത് നിർബന്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
Cover Photo: Saudi Press Agency.