രാജ്യത്ത് കൊറോണ വൈറസ് മഹാമാരിയുമായി ബന്ധപ്പെട്ട കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്ക് കനത്ത പിഴ ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടിവരുമെന്ന് സൗദി പബ്ലിക് സെക്യൂരിറ്റി വിഭാഗം മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്ക് ഒരു ലക്ഷം മുതൽ ഒരു ദശലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്നും, ഒന്ന് മുതൽ അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഇത്തരം വ്യാജ പ്രചാരണങ്ങളും, കിംവദന്തികളും പൊതുജനങ്ങളുടെ ആരോഗ്യസുരക്ഷയെ ബാധിക്കുന്ന അപകടമാണെന്ന് സൗദി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ ഓഗസ്റ്റ് 8-ന് അറിയിച്ചിരുന്നു. ഇത്തരം തെറ്റായ വാർത്തകളും, അസത്യപ്രചാരണങ്ങളും പലപ്പോഴും മരണത്തിന് വരെ കാരണമാകുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരം കിംവദന്തികൾക്ക് ചെവികൊടുക്കരുതെന്ന് അദ്ദേഹം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ആരോഗ്യ വകുപ്പിൽ നിന്നും, ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ മാത്രം പിന്തുടരാനും അദ്ദേഹം ജനങ്ങളോട് നിർദ്ദേശിച്ചു.
രാജ്യത്ത് COVID-19 വാക്സിനെടുത്തതിനെത്തുടർന്ന് മരണം സംഭവിച്ചതായുള്ള രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും, COVID-19 വാക്സിനെടുത്തതിനെത്തുടർന്ന് സൗദിയിൽ ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദലി ഓഗസ്റ്റ് 8-ന് നടന്ന പത്രസമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. വാക്സിനുകളുമായി ബന്ധപ്പെടുത്തി നടക്കുന്ന ഊഹാപോഹങ്ങളുടെയും, വ്യാജപ്രചാരണങ്ങളുടെയും അപകടങ്ങൾ അദ്ദേഹം ജനങ്ങളുടെ മുന്നിൽ വ്യക്തമാക്കിയിരുന്നു.