ഒരു വ്യക്തിക്ക് അനുവദിക്കപ്പെട്ട ഉംറ പെർമിറ്റുകൾ മറ്റൊരാൾ ഉംറ അനുഷ്ഠിക്കുന്നതിനായി ഉപയോഗിക്കുന്നതിനെതിരെ സൗദി ഹജ്ജ്, ഉംറ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ‘Eatmarna’ ആപ്പ് ഉപയോഗിച്ച് കൊണ്ട് അനുവദിക്കപ്പെടുന്ന ഉംറ പെർമിറ്റുകൾ അതാത് ഗുണഭോക്താക്കൾക്ക് മാത്രമാണ് ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുള്ളതെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഇത്തരം പെർമിറ്റുകൾ മറ്റൊരാൾ ഉപയോഗിക്കുന്നത് ‘Eatmarna’, ‘Tawakkalna’ മുതലായ ആപ്പുകളുടെ പ്രവർത്തന നിയമങ്ങളുടെ ലംഘനമാണെന്ന് മന്ത്രാലയം അറിയിച്ചു. ‘Tawakkalna’ ആപ്പ് ഉംറ തീർത്ഥാടനത്തിനുള്ള പെർമിറ്റുകൾ ബുക്ക് ചെയ്യുന്നതിനായി ഉപയോഗിക്കാനുള്ളതല്ല എന്നും മന്ത്രാലയം വ്യക്തമാക്കി. ‘Eatmarna’ ആപ്പിലൂടെ മാത്രമാണ് ഉംറ പെർമിറ്റുകൾ അനുവദിക്കുന്നതെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
മാർച്ച് മാസം അവസാനം വരെ സൗദിയിലെ പൗരന്മാർ, പ്രവാസികൾ, സന്ദർശകർ എന്നിവരുൾപ്പടെ എല്ലാവർക്കും ഇത്തരം പെർമിറ്റുകൾക്ക് അപേക്ഷിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി. നിലവിൽ ഉംറ പെർമിറ്റുകൾ ലഭിക്കുന്നതിന് COVID-19 വാക്സിനേഷൻ പൂർത്തിയാക്കണമെന്ന നിബന്ധന ഏർപ്പെടുത്തിയിട്ടില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഉംറ പെർമിറ്റുകൾ സംബന്ധിച്ച സഹായങ്ങൾക്കും, സംശയനിവാരണത്തിനുമായി 8004304444 എന്ന ടോൾ ഫ്രീ നമ്പറിൽ മന്ത്രാലയവുമായി ബന്ധപ്പെടാവുന്നതാണ്.