രോഗവ്യാപനം തുടർന്നാൽ വിദ്യാലയങ്ങൾ അടച്ചിടുന്നത് തുടരുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം

GCC News

രാജ്യത്തെ COVID-19 രോഗബാധിതരുടെ എണ്ണത്തിലുള്ള വർധനവ് തുടരുകയാണെങ്കിൽ, വിദ്യാലയങ്ങൾ അടച്ചിടുന്നത് തുടരേണ്ടിവരുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഒമാൻ ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് അൽ ഹോസ്നിയാണ് ഇക്കാര്യം അറിയിച്ചത്.

“രാജ്യത്തെ രോഗബാധിതരുടെ സംഖ്യ ദിനംപ്രതി ഉയരുകയാണെങ്കിൽ, വിദ്യാലയങ്ങൾ തുറക്കാൻ നമുക്ക് കഴിയില്ല. രോഗവ്യാപനം നിയന്ത്രിക്കാതെ സാധാരണ നിലയിലേക്ക് പൂർണ്ണമായും മടങ്ങാൻ സാധിക്കില്ല.”, അദ്ദേഹം വ്യക്തമാക്കി.

നേരത്തെ സുപ്രീം കമ്മിറ്റിയുടെ പത്രസമ്മളനത്തിൽ പങ്കെടുത്തു കൊണ്ട്, 2020-2021 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ സംബന്ധിച്ച് ഒമാൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. മദിഹ അൽ ഷൈബാനി നൽകിയ അറിയിപ്പിലും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. പുതിയ അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള നടപടിക്രമങ്ങളിൽ സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റംവരാമെന്നും, വിദ്യാലയങ്ങൾ അടച്ചിടേണ്ട സാഹചര്യത്തിൽ വിദൂര വിദ്യാഭ്യാസ സമ്പ്രദായവും, ടെലിവിഷനിലൂടെയുള്ള പഠനരീതികളും നടപ്പിലാക്കുമെന്നും അവർ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ചുള്ള സാഹചര്യങ്ങൾ ആരോഗ്യ മന്ത്രാലയം തുടർച്ചയായി വിലയിരുത്തുമെന്നും ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും അവർ അറിയിക്കുകയുണ്ടായി.

ഒമാനിലെ പൊതു, സ്വകാര്യ മേഖലയിലെ വിദ്യാലയങ്ങളിൽ 2020-2021 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ നവംബർ 1 മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം സെപ്റ്റംബർ 10-ന് അറിയിച്ചിരുന്നു.