സൗദി: അൽ ഉല വിമാനത്താവളത്തിന്റെ രണ്ടാം ഘട്ട വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കി

Saudi Arabia

സൗദി അറേബ്യയിലെ അൽ ഉല വിമാനത്താവളത്തിന്റെ രണ്ടാം ഘട്ട വികസനപ്രവർത്തങ്ങൾ വിജയകരമായി പൂർത്തിയായതായി റോയൽ കമ്മീഷൻ ഫോർ അൽ ഉല (RCU) പ്രഖ്യാപിച്ചു. ജൂലൈ 4, ശനിയാഴ്ച്ചയാണ് RCU ഈ വിവരം അറിയിച്ചത്. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനുമായി (GACA) ചേർന്ന് RCU നടപ്പിലാക്കിയ വികസനങ്ങളുടെ ഫലമായി ഈ വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷി 300 ശതമാനം വർദ്ധിപ്പിച്ചിട്ടുണ്ട്.

2035-ഓടെ അൽ ഉല മേഖലയിൽ പ്രതീക്ഷിക്കുന്ന സഞ്ചാരികളുടെ എണ്ണത്തിലെ വലിയ വർദ്ധനവ് കണക്കിലെടുത്താണ് വിമാനത്താവളം വികസിപ്പിച്ചത്. ഈ വർഷം ഒക്ടോബറോടെ ഈ മേഖല സഞ്ചാരികൾക്കായി തുറന്ന് കൊടുക്കും. 2035-ഓടെ അൽ ഉലയിലേക്ക് വർഷം തോറും ഏതാണ്ട് 2 ദശലക്ഷം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.

രണ്ടാം ഘട്ട വികസനപ്രവർത്തങ്ങളുടെ ഭാഗമായി വിമാനത്താവളത്തിന്റെ പ്രധാന ടെർമിനൽ കെട്ടിടം നവീകരിക്കുകയും, 150,000 സ്‌ക്വയർ മീറ്റർ ടാക്സിവേ കൂട്ടിച്ചേർക്കുകയും ചെയ്തു. ഇത് കൂടാതെ റൺവേയുമായി ബന്ധിപ്പിക്കുന്ന 2 പുതിയ പാതകളും നിർമ്മിച്ചിട്ടുണ്ട്. ഈ പ്രവർത്തനങ്ങളുടെ ഫലമായി നിലവിൽ വാർഷികാടിസ്ഥാനത്തിൽ 1 ലക്ഷം യാത്രികർ എന്ന ശേഷിയിൽ നിന്ന്, 4 ലക്ഷം യാത്രികർക്ക് സേവനങ്ങൾ നൽകുന്നതിലേക്ക് വിമാനത്താവളത്തിനെ സജ്ജമാക്കിയതായി അധികൃതർ വ്യക്തമാക്കി.

സൗദി അറേബ്യൻ എയർലൈനുമായി ചേർന്ന് RCU റിയാദിൽ നിന്ന് അൽ ഉലയിലേക്ക് ആഴ്ചതോറും 4 സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. ജിദ്ദയിൽ നിന്നും മറ്റു നഗരങ്ങളിൽ നിന്നും ഉള്ള സർവീസുകൾ ഉടൻ ആരംഭിക്കാനും അധികൃതർ പദ്ധതിയിടുന്നുണ്ട്. 2019-ലാണ് ഈ വിമാനത്താവളത്തിന്റെ ആദ്യഘട്ട വികസന പ്രവർത്തനങ്ങൾ പൂർത്തിയായത്.