മുസഫയിൽ രോഗവ്യാപനം തടയുന്നതിനായി നടപ്പിലാക്കി വരുന്ന സൗജന്യ COVID-19 പരിശോധനകളുടെയും, അണുനശീകരണ നടപടികളുടെയും രണ്ടാം ഘട്ടം ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH), മെയ് 17-നു രാത്രി അറിയിച്ചു. മുസഫയിലെ ബ്ലോക്ക് 10-ലാണ് രണ്ടാം ഘട്ടത്തിൽ COVID-19 ടെസ്റ്റിംഗ് നടപടികളും, ശുചീകരണ പ്രക്രിയകളും നടപ്പിലാക്കുന്നത്.
ഇതിന്റെ ഭാഗമായി ഈ ബ്ലോക്കിലെ എല്ലാ വിദേശ തൊഴിലാളികളെയും സൗജന്യമായി പരിശോധിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു. പരിശോധനകൾ നടപ്പിലാക്കുന്ന ബ്ലോക്ക് 10-ലെ നിവാസികളെ COVID-19 ടെസ്റ്റിംഗ് കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിനായി സൗജന്യ വാഹന സൗകര്യങ്ങൾ അധികൃതർ ഒരുക്കുന്നതാണ്.
മെയ് 9 മുതൽ ആരംഭിച്ച ഈ പരിശോധനകളുടെ ആദ്യ ഘട്ടത്തിൽ മുസഫയിലെ 3, 5, 6, 23 എന്നീ ബ്ലോക്കുകളിലെ തൊഴിലാളികളുടെ ഇടയിൽ കൊറോണ വൈറസ് പരിശോധനകൾ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ദിനംപ്രതി 2500 മുതൽ 3000 ആളുകളെ വരെ പരിശോധനകൾക്ക് വിധേയരാക്കിയതായും, ദിനവും 1500 മുതൽ 1800 വരെ COVID-19 ടെസ്റ്റുകൾ നടത്തിയതായും അധികൃതർ വ്യക്തമാക്കുകയുണ്ടായി.
അണുനശീകരണ പ്രവർത്തനങ്ങൾ നടക്കുന്ന സമയത്ത് ഈ മേഖലകളിലേക്ക് പ്രവേശിക്കുന്നതിന് തൊഴിലാളികൾക്ക് നിയന്ത്രണങ്ങൾ ഉണ്ടാകുമെങ്കിലും, വാണിജ്യ പ്രവർത്തനങ്ങൾ തടസപ്പെടില്ല എന്ന് DOH അറിയിച്ചിട്ടുണ്ട്. വിസ ചട്ട ലംഘനങ്ങൾ ഉള്ളവർക്കും ഈ ആരോഗ്യ പരിശോധനയിൽ പങ്കെടുക്കാമെന്നും, ഇവർക്കെതിരെ യാതൊരു തരത്തിലുള്ള നിയമ നടപടികളും ഉണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
അതാത് മേഖലകളിലെ കാമ്പയിൻ അഡ്‌മിനിസ്ട്രേറ്റർമാർ നൽകുന്ന ഓരോ നിർദ്ദേശങ്ങളും പാലിക്കാനും, പൂർണ്ണമായി സഹകരിക്കാനും നിവാസികളോട് അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്.