രാജ്യത്തെ കൊറോണ വൈറസ് രോഗബാധ കഴിഞ്ഞ ഏതാനം ആഴ്ച്ചകളായി നിയന്ത്രണവിധേയമായതായി തുടരുന്നതായി ഖത്തർ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി അറിയിച്ചു. രാജ്യത്ത് COVID-19 രോഗബാധയുടെ രണ്ടാം തരംഗം പ്രകടമല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിലവിൽ രാജ്യത്ത് പ്രകടമാകുന്ന രോഗബാധയുടെ വ്യാപനം സാമൂഹിക, കുടുംബ ഒത്ത് ചേരലുകൾ മൂലമാണ് സംഭവിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യങ്ങൾ തടയുന്നതിന് ആവശ്യമായ നിരീക്ഷണവും, സമ്പർക്ക പട്ടിക തയ്യാറാക്കുന്നതുൾപ്പടെയുള്ള നടപടികളും മന്ത്രാലയം ഫലപ്രദമായി നടപ്പിലാക്കുന്നതായി അവർ വ്യക്തമാക്കി.
നിലവിൽ പ്രകടമല്ലെങ്കിലും, COVID-19 രോഗബാധയുടെ രണ്ടാം തരംഗം രാജ്യത്ത് ഉണ്ടാകില്ല എന്ന് പൂർണ്ണമായും പറയാൻ സാധിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു. അതിനാൽ ജനങ്ങൾ ജാഗ്രത തുടരണമെന്നും, പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അവർ മുന്നറിയിപ്പ് നൽകി. ആരോഗ്യ സംബന്ധമായ ഒരു ഓൺലൈൻ സമ്മേളനത്തിൽ സംസാരിക്കുന്നതിനിടയിലാണ് അവർ ഇക്കാര്യങ്ങൾ അറിയിച്ചത്.