ഹിജ്‌റ പുതുവർഷ അവധി: SEHA-യുടെ ആരോഗ്യ സേവനകേന്ദ്രങ്ങളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച് അറിയിപ്പ്

UAE

ഹിജ്‌റ പുതുവർഷവുമായി ബന്ധപ്പെട്ട്, തങ്ങളുടെ കീഴിലുള്ള ആരോഗ്യ സേവനകേന്ദ്രങ്ങളുടെ 2021 ഓഗസ്റ്റ് 12, വ്യാഴാഴ്ച്ചത്തെ പ്രവർത്തന സമയക്രമം സംബന്ധിച്ച് അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിപ്പ് പുറത്തിറക്കി.

അബുദാബി, അൽ ഐൻ, നോർത്തേൺ എമിറേറ്റ്സ് എന്നിവിടങ്ങളിലെ SEHA COVID-19 ഡ്രൈവ്-ത്രൂ സേവന കേന്ദ്രങ്ങൾ വ്യാഴാഴ്ച്ച രാവിലെ 10:00 മുതൽ രാത്രി 8:00 വരെ പ്രവർത്തിക്കുന്നതാണ്. അബുദാബിയിലെ സായിദ് പോർട്ട്, ദുബായ് പാർക്ക്സ് ആൻഡ് റിസോർട്ട്സ്, അൽ ഐൻ കൺവെൻഷൻ സെന്റർ, അൽ ദഫ്ര മേഖലയിലെ മദീനത്ത് സായിദ് വെഡ്ഡിംഗ് ഹാൾ എന്നിവിടങ്ങളിലെ SEHA COVID-19 വാക്സിനേഷൻ സെന്ററുകൾ രാവിലെ 10:00 മുതൽ രാത്രി 10:00 വരെ പ്രവർത്തിക്കും.

അബുദാബി നാഷണൽ എക്സിബിഷൻ സെന്റർ (ADNEC), അൽ മഫ്രാഖ് ഹോസ്പിറ്റൽ, സായിദ് പോർട്ട്, അൽ ഐൻ കൺവെൻഷൻ സെന്റർ, മദീനത്ത് സായിദ് വെഡ്ഡിംഗ് ഹാൾ എന്നിവിടങ്ങളിലെ COVID-19 പ്രൈം അസസ്മെന്റ് സെന്ററുകൾ രാവിലെ 8:00 മുതൽ രാത്രി 10:00 വരെ പതിവുപോലെ പ്രവർത്തിക്കും. അബുദാബിയിലെ അൽ മൻഹൽ, അൽ മുഷ്രിഫ്, അൽ ബതീൻ, അൽ ഐനിലെ ഫലാജ് ഹസ എന്നിവ ഓഗസ്റ്റ് 12-ന് പ്രവർത്തിക്കുന്നതല്ല. എന്നാൽ അൽ ഐനിലെ മജ്ലിസ് അൽ ക്യൂ രാവിലെ 9:00 മുതൽ വൈകീട്ട് 5:00 വരെ പ്രവർത്തനം തുടരും.

എല്ലാ ആശുപത്രികളിലെയും അത്യാഹിത വിഭാഗങ്ങൾ മുഴുവൻ സമയവും അടിയന്തര പരിചരണം നൽകുന്നത് തുടരുമെന്നും, എന്നാൽ ക്ലിനിക്കുകൾ വ്യാഴാഴ്ച്ച അടച്ചിടുമെന്നും SEHA വ്യക്തമാക്കി. SEHA ആശുപത്രികളിൽ പതിവ് സന്ദർശന സമയങ്ങളായ രാവിലെ 9:00 മുതൽ 12:00 വരെയും വൈകീട്ട് 4:00 മുതൽ 8:00 വരെയും സന്ദർശകരെ സ്വീകരിക്കുന്നതാണ്. ഐസിയു രോഗിയുടെ സന്ദർശനത്തെ സംബന്ധിച്ചിടത്തോളം, രാവിലെ 10:00 മുതൽ 7:00 വരെ മാതാപിതാക്കൾക്ക് മാത്രമേ സന്ദർശനം അനുവദിക്കൂ.

അബുദാബി ബ്ലഡ് ബാങ്ക് രാവിലെ 7:00 മുതൽ രാത്രി 10:00 വരെ പ്രവർത്തിക്കും, അൽ ഐൻ, അൽ ദഫ്ര ബ്ലഡ് ബാങ്കുകൾ പ്രവർത്തിക്കില്ല.

WAM