അബുദാബി: COVID-19 പ്രൈം അസ്സസ്മെന്റ് കേന്ദ്രങ്ങളുടെ പ്രവർത്തനസമയം നീട്ടിയതായി SEHA

UAE

എമിറേറ്റിലെ COVID-19 പ്രൈം അസ്സസ്മെന്റ് കേന്ദ്രങ്ങളുടെ പ്രവർത്തനസമയം നീട്ടിയതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു. പുതുക്കിയ പ്രവർത്തനസമയമനുസരിച്ച് ഇത്തരം കേന്ദ്രങ്ങളിൽ നിന്ന് ദിനവും 2 മണിക്കൂർ കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുന്നതാണ്.

എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ അറിയിപ്പ് പ്രകാരം, മിന സയ്ദ്, അബുദാബി മഫ്‌റഖ് ഹോസ്പിറ്റൽ, അൽ ഐൻ കൺവെൻഷൻ സെന്റർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന COVID-19 പ്രൈം അസ്സസ്മെന്റ് കേന്ദ്രങ്ങൾ ദിനവും രാവിലെ 8 മുതൽ രാത്രി 10 വരെ പ്രവർത്തിക്കുന്നതാണ്. നേരത്തെ ഈ കേന്ദ്രങ്ങൾ രാത്രി 8 മണിവരെയാണ് പ്രവർത്തിച്ചിരുന്നത്.

മിന സയ്ദ്, അൽ ഐൻ കൺവെൻഷൻ സെന്ററിലെ പർപ്പിൾ സോൺ COVID-19 പ്രൈം അസ്സസ്മെന്റ് കേന്ദ്രങ്ങളിൽ നിന്ന് യാത്രികർക്കും, COVID-19 ബാധിതരുമായി സമ്പർക്കത്തിനിടയായവർക്കും പരിശോധനകൾ, രോഗനിർണ്ണയം, മറ്റു നടപടികൾ എന്നിവ ലഭ്യമാണ്. അബുദാബി മഫ്‌റഖ് ഹോസ്പിറ്റൽ, അൽ ഐൻ കൺവെൻഷൻ സെന്ററിലെ റെഡ് സോൺ COVID-19 പ്രൈം അസ്സസ്മെന്റ് കേന്ദ്രങ്ങളിൽ നിന്ന് COVID-19 പോസിറ്റീവ് ആയവർക്കുള്ള സേവനങ്ങൾ ലഭ്യമാകുന്നതാണ്.

ജൂൺ 2020-ലാണ് അബുദാബിയിൽ COVID-19 പ്രൈം അസ്സസ്മെന്റ് കേന്ദ്രങ്ങൾ ആരംഭിച്ചത്. എമിറേറ്റിലെ COVID-19 പ്രതിരോധ നടപടികളിൽ ഈ കേന്ദ്രങ്ങൾ പ്രധാന പങ്ക് വഹിക്കുന്നു. രോഗബാധ സംശയിക്കുന്നവർക്ക് മികച്ച രീതിയിലുള്ള പരിശോധനകൾ, ഉപദേശങ്ങൾ മുതലായവ ഈ കേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാണ്.

WAM