SEHA-യുടെ കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളിലെ പ്രത്യേക സേവനങ്ങളുടെ പ്രവർത്തനസമയം ഓഗസ്റ്റ് 9 മുതൽ നീട്ടാൻ തീരുമാനം

UAE

അബുദാബി ഹെൽത്ത് സർവീസസ് കമ്പനിയുടെ (SEHA) കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളിലെ ഏതാനം പ്രത്യേക സേവനങ്ങളുടെ പ്രവർത്തനസമയം ഓഗസ്റ്റ് 9, ഞായറാഴ്ച്ച മുതൽ വര്‍ദ്ധിപ്പിക്കുന്നതിന് തീരുമാനിച്ചു. ആരോഗ്യപരിചരണം ആവശ്യമായി വരുന്നവരുടെ കാത്തിരിപ്പ് സമയം കുറയ്ക്കാനും, അവർക്ക് മികച്ച സേവനങ്ങൾ നല്കുന്നതിനായുമുള്ള SEHA-യുടെ നയത്തിന്റെ ഭാഗമായാണ് ഷെയ്ഖ് ഷക്ക്ബൗട്ട് മെഡിക്കൽ സിറ്റി (SSMC), ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റി (SKMC), തവാം ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ ആവശ്യകത കൂടുതൽ അനുഭവപ്പെടുന്ന ഏതാനം സേവനങ്ങളുടെ പ്രവർത്തന സമയങ്ങളിൽ മാറ്റം വരുത്തുന്നത്. സമൂഹത്തിലെ കൂടുതൽ പേർക്ക് പ്രയോജനകരമാകുന്ന രീതിയിൽ AHS ഡെന്റൽ സെന്ററുകളുടെ പ്രവർത്തന സമയവും നീട്ടുന്നതായി SEHA അറിയിച്ചിട്ടുണ്ട്.

കൊറോണ വൈറസ് സാഹചര്യത്തിൽ ഏർപ്പെടുത്തിയ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി നിയന്ത്രണങ്ങൾ വന്നതോടെ, മറ്റു രോഗികൾക്കുള്ള ചികിത്സകൾക്ക് വലിയ തോതിൽ ആവശ്യം ഉയർന്നിരുന്നു. ഇതിനെത്തുടർന്നാണ് ഇപ്പോൾ ഇത്തരം സേവനങ്ങളുടെ പ്രവർത്തനസമയത്തിൽ SEHA മാറ്റം വരുത്താൻ തീരുമാനിച്ചിട്ടുള്ളത്.

ഈ തീരുമാനപ്രകാരം ദിനവും SSMC, SKMC, തവാം ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ, പ്രവർത്തിദിനങ്ങളിൽ രാവിലെ 8:30 മുതൽ വൈകീട്ട് 8:30 വരെ കാർഡിയോളജി, ന്യൂറോളജി, ENT, ന്യൂറോസർജറി മുതലായ വിഭാഗങ്ങളിലെ സേവനങ്ങൾ രോഗികൾക്ക് ലഭ്യമാകുന്നതാണ്. തവാം ഹോസ്പിറ്റലിൽ ഈ പുതിയ സമയക്രമം നിലവിൽ വന്നതായി SEHA അറിയിച്ചിട്ടുണ്ട്. ഷെയ്ഖ് ഷക്ക്ബൗട്ട് മെഡിക്കൽ സിറ്റി (SSMC), ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റി (SKMC) എന്നിവിടങ്ങളിൽ ഓഗസ്റ്റ് 9 മുതൽ ഈ പുതുക്കിയ സമയക്രമം നിലവിൽ വരുന്നതാണ്.

അൽ ദഫ്‌റ ഡെന്റൽ സെന്റർ, മഫ്‌റഖ് ഡെന്റൽ സെന്റർ, അൽ ഐൻ ഡെന്റൽ സെന്റർ എന്നീ AHS ഡെന്റൽ സെന്ററുകളുടെ പ്രവർത്തന സമയങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഈ കേന്ദ്രങ്ങളിൽ രാവിലെ 7 മുതൽ രാത്രി 10 വരെ ആരോഗ്യ സേവനങ്ങൾ നൽകുന്നതാണെന്ന് SEHA അറിയിപ്പിൽ പറയുന്നു.