യു എ ഇ: SEHA-യുടെ കീഴിലുള്ള COVID-19 വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചു

UAE

യു എ ഇയിലെ ഏറ്റവും വലിയ ആരോഗ്യ പരിചരണ സേവന ശൃംഖലയായ അബുദാബി ഹെൽത്ത് സർവീസസ് കമ്പനിയുടെ (SEHA) കീഴിൽ അബുദാബിയിലും, ദുബായിലും COVID-19 വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചു. അബുദാബി എമിറേറ്റിൽ രണ്ട് കേന്ദ്രങ്ങളും, ദുബായിൽ ഒരു കേന്ദ്രവുമാണ് SEHA ആരംഭിച്ചിട്ടുള്ളത്.

ചൈനീസ് നിർമ്മിത സിനോഫാം CNBG COVID-19 വാക്സിനാണ് ഈ കേന്ദ്രങ്ങളിൽ നിന്ന് നൽകുന്നത്. അബുദാബി നഗരത്തിൽ അബുദാബി ക്രൂയിസ് ടെർമിനലിലും, അൽ ഐനിലെ അൽ ഐൻ കൺവെൻഷൻ സെന്ററിലുമാണ് ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ഈ രണ്ട് കേന്ദ്രങ്ങളിൽ നിന്നായി പ്രതിദിനം 6000 പേർക്ക് വരെ വാക്സിൻ കുത്തിവെപ്പ് നൽകാവുന്നതാണ്. കേവലം നാല് ദിവസങ്ങൾ കൊണ്ടാണ് ഈ കേന്ദ്രങ്ങൾ നിർമ്മിച്ചത്.

ദുബായിൽ, ദുബായ് പാർക്സ് ആൻഡ് റിസോർട്സ് ഫീൽഡ് ഹോസ്പിറ്റലിൽ നിന്നാണ് ഈ വാക്സിനേഷൻ കേന്ദ്രം പ്രവർത്തിക്കുന്നത്. ദുബായിലെ കേന്ദ്രത്തിൽ പ്രതിദിനം 3000 പേർക്ക് വാക്സിൻ നൽകുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക്, അബുദാബിയിലെ കേന്ദ്രങ്ങളിൽ രാവിലെ 8 മുതൽ രാത്രി 8 വരെ സന്ദർശിക്കാവുന്നതാണ്. ദുബായിലെ വാക്സിനേഷൻ കേന്ദ്രം ദിവസവും രാവിലെ 8 മുതൽ വൈകീട്ട് 4 വരെയാണ് പ്രവർത്തിക്കുന്നത്.

ഈ പ്രത്യേക വാക്സിനേഷൻ കേന്ദ്രങ്ങൾക്ക് പുറമെ, SEHA-യുടെ കീഴിലുള്ള തിരഞ്ഞെടുത്ത ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും സിനോഫാം CNBG COVID-19 വാക്സിൻ നൽകുന്നുണ്ട്. അബുദാബിയിലും അൽ ഐനിലുമുള്ള 35 ആംബുലേറ്ററി ഹെൽത്ത് സർവീസസ് (AHS) കേന്ദ്രങ്ങൾ, അൽ ദഫ്‌റ, അൽ ഐൻ എന്നിവിടങ്ങളിലെ 6 ഹോസ്പിറ്റലുകൾ, മിന റാഷിദിലുള്ള SEHA-യുടെ നാഷണൽ സ്ക്രീനിംഗ് സെന്റർ, ദുബായ് സിറ്റിയിലെ ഖവനീജ്, വ്യാവസായിക മേഖലകളിലെ സ്ക്രീനിംഗ് സെന്റററുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.