എമിറേറ്റിലെ അൽ മൻഹാൽ മേഖലയിൽ പുതിയ COVID-19 ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ്, വാക്സിനേഷൻ സേവനങ്ങൾ നൽകുന്ന കേന്ദ്രം ആരംഭിച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു. ഈ കേന്ദ്രത്തിൽ വാഹനങ്ങളിൽ ഇരുന്ന് കൊണ്ട് COVID-19 ടെസ്റ്റിംഗ്, വാക്സിനേഷൻ സേവനങ്ങൾ ലഭ്യമാക്കുന്നതാണ്.
ഈ കേന്ദ്രത്തിൽ COVID-19 വാക്സിനേഷനായി ഒരു വരിയും, പരിശോധനകൾക്കായി 3 വരികളുമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. അൽ മൻഹാലിലെ കേന്ദ്രത്തിൽ നിന്ന് ദിനംപ്രതി 100 പേർക്ക് വാക്സിനേഷൻ സേവനങ്ങളും, 600 പേർക്ക് COVID-19 ടെസ്റ്റിംഗ് സേവനങ്ങളും നൽകാനാകുമെന്ന് SEHA അറിയിച്ചു.
അൽ മൻഹാലിലെ COVID-19 ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ്, വാക്സിനേഷൻ കേന്ദ്രത്തിന്റെ പ്രവർത്തന സമയം:
- ശനി മുതൽ വ്യാഴം വരെ – രാവിലെ 8 മുതൽ രാത്രി 8 വരെ.
- വെള്ളിയാഴ്ച്ച – രാവിലെ 10 മുതൽ രാത്രി 8 വരെ.
അതേസമയം, കോർണിഷിൽ പ്രവർത്തിക്കുന്ന ഡ്രൈവ്-ത്രൂ COVID-19 സേവനകേന്ദ്രം ജൂൺ 30 മുതൽ പ്രവർത്തനമവസാനിപ്പിച്ചതായും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇതോടെ SEHA-യുടെ കീഴിൽ അബുദാബിയിൽ പ്രവർത്തിക്കുന്ന ഡ്രൈവ്-ത്രൂ സേവനകേന്ദ്രങ്ങളുടെ എണ്ണം ആറ് ആയിട്ടുണ്ട്. സായിദ് സ്പോർട്സ് സിറ്റി, അൽ മദിന, അൽ ബഹിയ, അൽ ഷംഖ, അൽ വത്ബ, അൽ മൻഹാൽ എന്നിവിടങ്ങളിലാണ് SEHA ഡ്രൈവ്-ത്രൂ COVID-19 സേവനങ്ങൾ നൽകുന്നത്. SEHA-യുടെ ആപ്പ് ഉപയോഗിച്ച് കൊണ്ട് ഇത്തരം കേന്ദ്രങ്ങളിൽ നിന്നുള്ള സേവനങ്ങൾ ബുക്ക് ചെയ്യാവുന്നതാണ്.