തങ്ങളുടെ കീഴിലുള്ള പൊതു ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലെത്തുന്ന രോഗികൾക്കും, സന്ദർശകർക്കും അൽ ഹോസ്ൻ (Al Hosn) ആപ്പിലൂടെയുള്ള ഗ്രീൻ പാസ് നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ അറിയിച്ച തീരുമാനം താത്കാലികമായി പിൻവലിച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു. സെപ്റ്റംബർ 6-ന് ഉച്ചയ്ക്കാണ് SEHA ഈ അറിയിപ്പ് നൽകിയത്.
2021 സെപ്റ്റംബർ 7, ചൊവ്വാഴ്ച്ച മുതൽ SEHA-യുടെ കീഴിലുള്ള പൊതു ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലെത്തുന്നവർക്ക് അൽ ഹോസ്ൻ ഗ്രീൻ പാസ് നിർബന്ധമാക്കുമെന്ന് സെപ്റ്റംബർ 5-ന് വൈകീട്ട് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ ഈ തീരുമാനം പിൻവലിച്ചതായും, ഈ കേന്ദ്രങ്ങളിലെത്തുന്ന സന്ദർശകർക്ക് സാധാരണ രീതിയിലുള്ള പ്രവേശനം തുടരുമെന്നും SEHA സെപ്റ്റംബർ 6-ന് അറിയിച്ചിട്ടുണ്ട്.
ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ SEHA ആരോഗ്യ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിലവിലുള്ള രീതിയിൽ തുടരുമെന്നും, ഇതുമായി ബന്ധപ്പെട്ട് പുതിയ തീരുമാനങ്ങൾ ഉണ്ടാകുന്ന അവസരത്തിൽ അറിയിപ്പ് നൽകുമെന്നും അധികൃതർ വ്യക്തമാക്കി. SEHA-യുടെ കീഴിലുള്ള പൊതു ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലെത്തുന്നവർക്ക് സേവനങ്ങൾ നേടുന്നതിൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാതിരിക്കുന്നതിനാണ് ഗ്രീൻ പാസ് പിൻവലിക്കുന്നതെന്നും അധികൃതർ ചൂണ്ടിക്കാട്ടി.