COVID-19 രോഗബാധിതരായവർക്ക്, രോഗലക്ഷണങ്ങളൊന്നും പ്രകടമാക്കാത്ത സാഹചര്യത്തിൽ, രോഗം സ്ഥിരീകരിച്ചുകൊണ്ടുള്ള പോസിറ്റീവ് ഫലം ലഭിച്ച് പത്ത് ദിവസത്തിന് ശേഷം സുരക്ഷിതമായി രക്തം ദാനം ചെയ്യാമെന്ന് അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു. രോഗലക്ഷണമുള്ളവർക്ക് രോഗലക്ഷണങ്ങൾ പരിഹരിച്ച് 10 ദിവസത്തിന് ശേഷം രക്തം ദാനം ചെയ്യാമെന്നും SEHA കൂട്ടിച്ചേർത്തു.
എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രക്തം ദാനം ചെയ്ത് കൊണ്ട് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങളിൽ പങ്കാളികളാകാൻ SEHA അബുദാബിയിലെ പൗരന്മാരോടും, പ്രവാസികളോടും ആഹ്വാനം ചെയ്തു. COVID-19 വാക്സിൻ സ്വീകരിച്ച വ്യക്തികൾക്ക് രക്തം ദാനം ചെയ്യുന്നതിൽ തടസങ്ങളില്ലെന്നും SEHA വ്യക്തമാക്കി.
“രക്തദാനം മഹത്തായ ഒരു മാനുഷിക പ്രവർത്തനമാണ്. മറ്റുള്ളവർക്ക് തുണയാകുന്നതിനുള്ള യു.എ.ഇയുടെ മനോഭാവത്തെ ഇത് പിന്തുണയ്ക്കുന്നു. ആരോഗ്യമുള്ള ഒരാൾക്ക് ഓരോ 56 ദിവസത്തിലും രക്തം ദാനം ചെയ്യാൻ കഴിയും. പാൻഡെമിക് സമയത്ത് നിസ്വാർത്ഥമായി രക്തം ദാനം ചെയ്യുന്നത് തുടരുന്ന എല്ലാ പൊതുജനങ്ങൾക്കും SEHA-യുടെ പേരിൽ നന്ദി അറിയിക്കുന്നു.”, SEHA ആക്ടിംഗ് ഗ്രൂപ്പ് ചീഫ് ഓപ്പറേഷൻസ് ഓഫീസർ ഡോ. മർവാൻ അൽ കാബി അറിയിച്ചു.
WAM