ഓൺലൈൻ തട്ടിപ്പുകൾ നടത്തിയ ഏഴു പ്രവാസികളെ മസ്കറ്റ് ഗവർണറേറ്റിൽ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു. ഡിസംബർ 27, ഞായറാഴ്ച്ചയാണ് ROP ഇക്കാര്യം സ്ഥിരീകരിച്ചത്. ഇലക്ട്രോണിക് തട്ടിപ്പുകൾ നടത്തിയതിനാണ് മസ്കറ്റ് ഗവർണറേറ്റിലെ പോലീസ് കമാൻഡ്, ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ഇൻവെസ്റ്റിഗേഷൻസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് എന്നിവർ സംയുക്തമായി ഇവരെ അറസ്റ്റ് ചെയ്തത്.
സാമ്പത്തിക കുറ്റകൃത്യങ്ങൾ ലക്ഷ്യമിട്ട് ഇവർ ആളുകളിൽ നിന്ന് ബാങ്ക് വിവരങ്ങൾ തട്ടിപ്പുകളിലൂടെ കൈക്കലാക്കുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി.
ബാങ്ക് ജീവനക്കാരായി ചമഞ്ഞ് കൊണ്ട് ഇവർ ഈ തട്ടിപ്പിനിരയായവർക്ക് SMS മുഖേന ഔദ്യോഗികമെന്ന് തോന്നാവുന്ന സന്ദേശങ്ങൾ അയക്കുകയായിരുന്നു. തുടർന്ന് ഇവർ തട്ടിപ്പിനിരയായവരെ ഫോണിലൂടെ വിളിക്കുകയും, ബാങ്ക് കാർഡുകൾ പ്രയോഗക്ഷമമാക്കുന്നതിനായി ബാങ്ക് വിവരങ്ങൾ ചതിയിലൂടെ കൈക്കലാക്കുകയുമായിരുന്നു. ഈ ബാങ്ക് വിവരങ്ങൾ ഉപയോഗപ്പെടുത്തി പിടിയിലായവർ ഇരകളുടെ പണം അക്കൗണ്ടുകളിൽ നിന്ന് പിൻവലിച്ചെന്നും പോലീസ് വ്യക്തമാക്കി.
ബാങ്കുകളിൽ നിന്നെന്ന രൂപത്തിൽ വരുന്ന ഇത്തരം എല്ലാ സന്ദേശങ്ങളെയും ജാഗ്രതയോടെ കൈകാര്യം ചെയ്യാൻ ROP പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. അറിയാത്ത നമ്പറുകളിൽ നിന്നോ, ബാങ്ക് ജീവനക്കാർ ചമഞ്ഞ് കൊണ്ടോ വരുന്ന സന്ദേശങ്ങളോടും, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആവശ്യപ്പെട്ടു കൊണ്ടുള്ള ഫോൺകോളുകളോടും പ്രതികരിക്കരുതെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, പാസ്സ്‌വേർഡ് എന്നിവ ആരുമായും പങ്ക് വെക്കരുതെന്നും പോലീസ് ഓർമ്മപ്പെടുത്തി.