അബുദാബി: ഷെയ്‌ഖ ഫാത്തിമ പാർക്ക് ഉദ്‌ഘാടന ചടങ്ങുകൾ ഡിസംബർ 2, 3 തീയതികളിൽ

UAE

യു എ ഇയുടെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അബുദാബിയിലെ അൽ ബതീൻ സ്ട്രീറ്റിൽ നിർമ്മിച്ചിട്ടുള്ള ഷെയ്‌ഖ ഫാത്തിമ പാർക്കിന്റെ ഉദ്‌ഘാടന ചടങ്ങുകൾ 2021 ഡിസംബർ 2, 3 തീയതികളിൽ നടക്കുമെന്ന് അബുദാബി മീഡിയ ഓഫീസ് വ്യക്തമാക്കി. ഷെയ്‌ഖ ഫാത്തിമ ബിൻത് മുബാറകിന്റെ പൈതൃകം, നേട്ടങ്ങൾ എന്നിവയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഈ പുതിയ പാർക്ക് നിർമ്മിച്ചിരിക്കുന്നത്.

അബുദാബി മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട്, IMKAN പ്രോപ്പർടീസ് എന്നിവർ സംയുക്തമായാണ് ഈ പാർക്ക് ഒരുക്കിയിരിക്കുന്നത്. ജനങ്ങൾക്കിടയിൽ ആരോഗ്യപരമായ ജീവിത ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായാണ് 46000 സ്‌ക്വയർ മീറ്ററിൽ അൽ ബതീൻ സ്ട്രീറ്റിൽ ഈ പാർക്ക് നിർമ്മിച്ചിരിക്കുന്നത്.

Source: Abu Dhabi Media Office.

ഈ പാർക്കിൽ ഭക്ഷണവില്പനശാലകൾ, ചില്ലറ വില്പനശാലകൾ എന്നിവ പ്രത്യേകം ഒരുക്കിയിട്ടുണ്ട്. വളർത്ത് നായ്ക്കൾക്കായി പ്രത്യേകം ഒരുക്കിയ ഇടമുള്ള അബുദാബിയിലെ ആദ്യത്തെ പാർക്കാണിത്.

Source: Abu Dhabi Media Office.

യു എ ഇയുടെ അമ്പതാം ദേശീയ ദിനാഘോഷങ്ങൾക്കൊപ്പമാണ് ഈ പാർക്ക് ഉദ്‌ഘാടനം ചെയ്യുന്നത്. ഉദ്‌ഘാടനവേളയിൽ ഡിസംബർ 2, 3 തീയതികളിൽ ഷെയ്‌ഖ ഫാത്തിമ പാർക്കിൽ വെച്ച് കലാപരിപാടികൾ, സംഗീത പരിപാടികൾ, കായിക ഇനങ്ങൾ, കുട്ടികളുടെ വിനോദ പരിപാടികൾ, ഔട്ട്ഡോർ സിനിമ, ഫോട്ടോഗ്രാഫി പ്രദർശനം മുതലായ പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.