ഷെയ്ഖ് ഖലീഫ സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ നിലവിൽ COVID-19 രോഗബാധിതർ ഇല്ല; മറ്റു ചികിത്സകൾ തുടരും

UAE

റാസ് അൽ ഖൈമയിലെ ഷെയ്ഖ് ഖലീഫ സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ നിലവിൽ കൊറോണ വൈറസ് ബാധിതർ ഇല്ലെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്ത് നടപ്പിലാക്കിയ COVID-19 ചികിത്സാ സംബന്ധമായ മാർഗ്ഗനിർദ്ദേശങ്ങളും, നാഷണൽ ടെസ്റ്റിംഗ് പ്രോഗ്രാം മുതലായ പ്രതിരോധ പ്രവർത്തനങ്ങളും, രോഗബാധ വേഗത്തിൽ കണ്ടെത്തുന്നതിനും, ചികിത്സകൾ നൽകുന്നതിനും ഏറെ ഗുണം ചെയ്‌തെന്ന് ആശുപത്രി സി.ഇ.ഓ ഡോ. ചാങ് സുക് സൂ അറിയിച്ചു.

ഇതിനായി പ്രവർത്തിച്ച എല്ലാ ആരോഗ്യ പ്രവർത്തകരെയും അദ്ദേഹം അഭിനന്ദിച്ചു. രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ, രോഗികൾക്കും, ആരോഗ്യ പ്രവർത്തകർക്കും, ജീവനക്കാർക്കും, സന്ദർശകർക്കും സംരക്ഷണം നൽകുന്നതിന് ആവശ്യമായ എല്ലാ ആരോഗ്യ സുരക്ഷാ നടപടികളും ഷെയ്ഖ് ഖലീഫ സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ നടപ്പിലാക്കാൻ കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ, മറ്റു രോഗങ്ങൾക്കുള്ള ചികിത്സകൾ നൽകുന്നതിന്, ഷെയ്ഖ് ഖലീഫ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ പൂർണ്ണ സജ്ജമാണെന്നും ഡോ. സൂ അറിയിച്ചു.