H.H ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹോപ്പ് ബാഹ്യാകാശപേടകത്തിൽ നിന്നുള്ള ചൊവ്വാഗ്രഹത്തിന്റെ ദൃശ്യം പങ്കുവെച്ചു

GCC News

ഹോപ്പ് ബാഹ്യാകാശപേടകത്തിൽ നിന്നുള്ള ചൊവ്വാഗ്രഹത്തിന്റെ ദൃശ്യം ദുബായ് ഭരണാധികാരി H.H ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പങ്കുവെച്ചു. ചൊവ്വാഗ്രഹം ലക്ഷ്യമാക്കിയുള്ള പ്രയാണത്തിനിടയിൽ, ശൂന്യാകാശത്ത് ഏകദേശം 345 മില്യൺ കിലോമീറ്റർ സഞ്ചരിച്ച ശേഷമുള്ള ചൊവ്വയുടെ ദൃശ്യമാണ് ഷെയ്ഖ് മുഹമ്മദ് ഡിസംബർ 3-ന് വൈകീട്ട് ട്വിറ്ററിലൂടെ പുറത്ത്‌വിട്ടത്.

ചൊവ്വാ ഗ്രഹത്തിലേക്ക് ഇനിയും 135 മില്യൺ കിലോമീറ്റർ സഞ്ചരിക്കേണ്ടതുണ്ടെന്നും, 2021 ഫെബ്രുവരി 9-ന് ഹോപ്പ് ലക്ഷ്യസ്ഥാനത്തെത്തുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 7 മാസം കൊണ്ട് ഏതാണ്ട് 493 മില്യൺ കിലോമീറ്റർ യാത്രചെയ്താണ് ഹോപ്പ് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുക.

ഹോപ്പ് ബാഹ്യാകാശപേടകത്തിൽ നിന്നുള്ള ചൊവ്വാഗ്രഹത്തിന്റെ ആദ്യ ദൃശ്യം ദുബായ് ഭരണാധികാരി H.H ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ജൂലൈ 22-നു പങ്കുവെച്ചിരുന്നു. ശൂന്യാകാശത്ത് ഏകദേശം ഒരു മില്യൺ കിലോമീറ്റർ സഞ്ചരിച്ച ശേഷമാണ് ഹോപ്പ് ചൊവ്വയുടെ ആദ്യ ദൃശ്യം പകർത്തിയത്.

അറബ് ലോകത്തിന്റെ ആദ്യത്തെ ഗോളാന്തര പര്യവേഷണ ദൗത്യത്തിനു തുടക്കം കുറിച്ച്‌ കൊണ്ട്, ഹോപ്പ് ബാഹ്യാകാശപേടകം ജപ്പാനിലെ തനെഗഷിമ സ്‌പേസ് സെന്ററിൽ നിന്ന് ജൂലൈ 20-നു പുലര്‍ച്ചെ 1.58-ന് (യു.എ.ഇ സമയം) വിജയകരമായി വിക്ഷേപണം ചെയ്‌തിരുന്നു. യുഎഇയുടെ സുവർണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച്, 2021 ഫെബ്രുവരി 9-ന് ഹോപ്പ് ബാഹ്യാകാശപേടകം ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് 687 ദിവസം (ഒരു ചൊവ്വാ വർഷം) ഈ ബാഹ്യാകാശപേടകം ചൊവ്വാഗ്രഹത്തെ വലംവെക്കും. ഈ കാലയളവിൽ ഹോപ്പ് ചൊവ്വയുടെ അന്തരീക്ഷവും, കാലാവസ്ഥയും പഠനവിധേയമാക്കുന്നതാണ്.