അബുദാബി: ഷെയ്ഖ് സായിദ് പൈതൃകോത്സവം 2023 ആരംഭിച്ചു

GCC News

അതിഗംഭീരമായ ആഘോഷങ്ങളോടെ ഈ വർഷത്തെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന് 2023 നവംബർ 17, വെള്ളിയാഴ്ച്ച തുടക്കമായി. അബുദാബിയിലെ അൽ വത്ബയിൽ വെച്ചാണ് ഷെയ്ഖ് സായിദ് പൈതൃകോത്സവം നടത്തുന്നത്.

2023 നവംബർ 17 മുതൽ 2024 മാർച്ച് 9 വരെ നീണ്ട് നിൽക്കുന്ന രീതിയിലാണ് ഇത്തവണത്തെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഈ വർഷത്തെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന്റെ ഭാഗമായി നിരവധി യു എ ഇയുടെ പൈതൃകമൂല്യങ്ങൾ എടുത്ത്കാട്ടുന്ന കലാപരിപാടികൾ, സാംസ്‌കാരിക പരിപാടികൾ തുടങ്ങിയവ അരങ്ങേറുന്നതാണ്.

ഷെയ്ഖ് സായിദ് പൈതൃകോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങുകളുടെ ഭാഗമായി വർണ്ണാഭമായ വെടിക്കെട്ട്, കണ്ണഞ്ചിപ്പിക്കുന്ന ഡ്രോൺ പ്രദർശനങ്ങൾ, ഗ്ലോബൽ പരേഡ് തുടങ്ങിയവ അരങ്ങേറി.

Source: Screen Grab from video shared by @ZayedFestival.

ഇന്നത്തെ തലമുറയെ യു എ ഇയുടെ ചരിത്രം, പൈതൃകം എന്നിവയുമായി ബന്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പരിപാടികളാണ് മേളയുടെ ഭാഗമായി സംഘാടകർ ഒരുക്കുന്നത്. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായുള്ള കാഴ്ചാനുഭവങ്ങൾ നൽകുന്ന പരിപാടികൾ ഒരുക്കുന്നതിന് സംഘാടകർ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.

ഇത്തവണത്തെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ യു എ ഇയിൽ നിന്നുള്ളതും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളതുമായ നിരവധി സ്ഥാപനങ്ങൾ പങ്കെടുക്കുന്നതാണ്. നാഷണൽ ഡേ ആഘോഷങ്ങളുമായി ബന്ധപ്പെട്ട നിരവധി പരിപാടികൾ, യൂണിയൻ പരേഡ്, നാടന്‍ കലാരൂപങ്ങൾ, സംഗീത പരിപാടികൾ, കരിമരുന്ന് പ്രയോഗം, ഡ്രോൺ ഷോ മുതലായവ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ അരങ്ങേറുന്നതാണ്.