പുതുവത്സരരാവിൽ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദി രണ്ട് ഗിന്നസ് റെക്കോർഡുകൾക്ക് സാക്ഷ്യം വഹിച്ചു

UAE

പുതുവത്സരരാവിൽ, അൽ വത്ബയിലെ ഷെയ്ഖ് സയ്ദ് ഫെസ്റ്റിവൽ വേദി രണ്ട് ഗിന്നസ് ലോക റെക്കോർഡുകൾക്ക് സാക്ഷ്യം വഹിച്ചു. 2021-നെ വരവേൽക്കുന്നതിനായി ഷെയ്ഖ് സയ്ദ് ഫെസ്റ്റിവൽ വേദിയിൽ സംഘടിപ്പിച്ച പ്രത്യേക പുതുവർഷാഘോഷ പരിപാടികളുടെ ഭാഗമായാണ് ഈ റെക്കോർഡുകൾ പിറന്നത്.

ഈ ആഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച ഏതാണ്ട് 35 മിനിറ്റ് നീണ്ട് നിൽക്കുന്ന കരിമരുന്ന് പ്രയോഗം ഒരു ആകാശ വിസ്മയമായി മാറി. നേർരേഖയിലെ ഏറ്റവും നീളമേറിയ വെടിക്കെട്ട് പ്രദർശനം, ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ വായുവിൽ കറങ്ങുന്ന തരത്തിലുള്ള കരിമരുന്ന് പ്രയോഗം എന്നീ രണ്ട് വ്യത്യസ്ഥ ഗിന്നസ് റെക്കോർഡുകൾക്കാണ് ഷെയ്ഖ് സയ്ദ് ഫെസ്റ്റിവൽ വേദി സാക്ഷ്യം വഹിച്ചത്. പതിനാറ് ടവറുകളിൽ നിന്നായാണ് ഈ വെടിക്കെട്ട് പ്രയോഗം നടത്തിയത്.

കൊറോണ വൈറസ് സാഹചര്യത്തിൽ കർശനമായ സുരക്ഷാ മുൻകരുതലുകളോടെയാണ് ഈ കരിമരുന്ന് പ്രദർശനം സംഘടിപ്പിച്ചത്. സന്ദർശകർക്കായി മാസ്‌കുകൾ, സാനിറ്റൈസറുകൾ എന്നിവ സംഘാടകർ ഒരുക്കിയിരുന്നു.

യു എ ഇയിലെ ഏറ്റവും വലിയ പൈതൃകോത്സവമായ ഷെയ്ഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവൽ 2020 നവംബർ 20 മൂതൽ ആരംഭിച്ചിരുന്നു. യു എ ഇയുടെ സ്ഥാപക പിതാവായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന ഈ സാംസ്കാരികോത്സവം ആഗോളതലത്തിൽ തന്നെ പ്രാധാന്യമുള്ള ഒരു സാംസ്‌കാരിക ഉത്സവമാണ്. 2020 നവംബർ 20 മുതൽ 2021 ഫെബ്രുവരി 20 വരെയാണ് ഷെയ്ഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.