പുതുവത്സരരാവിൽ, അബുദാബിയിലെ അൽ വത്ബയിലെ ഷെയ്ഖ് സയ്ദ് ഫെസ്റ്റിവൽ വേദി മൂന്ന് ഗിന്നസ് ലോക റെക്കോർഡുകൾക്ക് സാക്ഷ്യം വഹിച്ചു. 2022-നെ വരവേൽക്കുന്നതിനായി ഷെയ്ഖ് സയ്ദ് ഫെസ്റ്റിവൽ വേദിയിൽ സംഘടിപ്പിച്ച പ്രത്യേക പുതുവർഷാഘോഷ പരിപാടികളുടെ ഭാഗമായാണ് ഈ റെക്കോർഡുകൾ പിറന്നത്.
പുതുവർഷത്തിന്റെ ആദ്യ മിനിറ്റുകൾക്കുള്ളിൽ സന്ദർശകർക്ക് അസാധാരണമായ അനുഭവം പ്രദാനം ചെയ്തുകൊണ്ട് ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വലിപ്പത്തിലും, ദൈർഘ്യത്തിലും, ആകൃതിയിലും ഗിന്നസ് റെക്കോർഡുകൾ തിരുത്തിക്കുറിക്കുന്ന കരിമരുന്ന് പ്രദർശനത്തിന് വേദിയായി. ഇതോടൊപ്പം പുതുവർഷത്തെ വരവേൽക്കുന്നതിനായി ലോകോത്തര നാടൻകലാപ്രദർശനങ്ങൾ, വിനോദ പരിപാടികൾ , പ്രകടനങ്ങൾ തുടങ്ങിയവയും അണിനിരത്തിയിരുന്നു.
ഈ ആഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച ഏതാണ്ട് 40 മിനിറ്റ് നീണ്ട് നിൽക്കുന്ന കരിമരുന്ന് പ്രയോഗം അക്ഷരാർത്ഥത്തിൽ ഒരു ആകാശ വിസ്മയമായി മാറി. ഇത്തരത്തിലെ ഏറ്റവും വലിയതും, ദൈർഘ്യമേറിയതുമായ വെടിക്കെട്ട് പ്രദർശനമായിരുന്നു ഇത്.
ഇതോടൊപ്പം 2022-നെ സ്വാഗതം ചെയ്ത് കൊണ്ട് ‘WELCOME 2022’ എന്ന ആശയത്തിന് കീഴിൽ 2022 ഡ്രോണുകൾ ഉപയോഗിച്ച് അൽ വത്ബയുടെ ആകാശത്ത് സഞ്ചരിക്കുന്ന ഭീമാകാരമായ ഒരു ഡ്രോൺ ഷോയും സംഘടിപ്പിക്കപ്പെട്ടു. ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ ഏറ്റവും വലിയ ഡ്രോൺ ഷോ ആയിരുന്നു ഇത്.
ഫെസ്റ്റിവലിലെ പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി നടന്ന“വോയ്സ് ഓഫ് യുണൈറ്റഡ് അറബ് എമിറേറ്റ്സ്” എന്ന സംഗീത കച്ചേരിയിൽ ഐദ അൽ മെൻഹാലി, തന്റെ ഏറ്റവും ജനപ്രിയമായ നിരവധി ഗാനങ്ങൾ ആലപിച്ചു.
2021 നവംബർ 18 മുതൽ 2022 ഏപ്രിൽ 1 വരെ നീണ്ട് നിൽക്കുന്ന രീതിയിലാണ് ഈ വർഷത്തെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
WAM