പുതുവർഷം: പ്രത്യേക ആഘോഷപരിപാടികളുമായി ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ

GCC News

അബുദാബിയിലെ അൽ വത്ബയിൽ നടക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നിരവധി സാംസ്‌കാരിക പരിപാടികൾ, കലാപ്രദർശനങ്ങൾ, നാടോടികലാരൂപങ്ങൾ എന്നിവ അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു.

പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ നടക്കുന്ന അതിഗംഭീരമായ കരിമരുന്ന് പ്രദർശനത്തിന് പുറമെയാണിത്. പുതുവർഷവേളയിൽ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ അതിഗംഭീരമായ കരിമരുന്ന് പ്രദർശനം ഒരുക്കുമെന്ന് സംഘാടകർ നേരത്തെ അറിയിച്ചിരുന്നു.

ഇതിന്റെ ഭാഗമായി ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ നാല്പത് മിനിറ്റിലധികം നീണ്ട് നിൽക്കുന്ന കരിമരുന്ന് പ്രദർശനം അരങ്ങേറുന്നതാണ്. ഈ വെടിക്കെട്ട് (2024 ജനുവരി 1, 12:00am-ന്) വലിപ്പത്തിലും, ദൈർഘ്യത്തിലും, ആകൃതിയിലുമായി മൂന്ന് ഗിന്നസ് വേൾഡ് റെക്കോർഡുകളാണ് ലക്‌ഷ്യംവെക്കുന്നത്.

ഇതോടൊപ്പം 2024-നെ സ്വാഗതം ചെയ്ത് കൊണ്ട് 5000 ഡ്രോണുകൾ ഉപയോഗിച്ച് കൊണ്ട് അൽ വത്ബയുടെ ആകാശത്ത് സഞ്ചരിക്കുന്ന രീതിയിൽ നടത്തുന്ന ഭീമാകാരമായ ഒരു ഡ്രോൺ ഷോ ഉണ്ടായിരിക്കുന്നതാണ്. ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ഏറ്റവും വലിയ ഡ്രോൺ ഷോ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ടാണ് ഈ ഡ്രോൺ പ്രദർശനം ഒരുക്കുന്നത്.

2023 ഡിസംബർ 31-ന് രാത്രി 11:30-നാണ് ഈ ഡ്രോൺ ഷോ സംഘടിപ്പിക്കുന്നത്. ഇതിന് പുറമെ, ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ ഡിസംബർ 31-ന് രാത്രി 7:30-ന് പ്രത്യേക ലേസർ ഷോ അരങ്ങേറുന്നതാണ്. എമിറേറ്റ്സ് ഫൗണ്ടൈൻ, ഗ്ലോയിങ്ങ് ടവേഴ്‌സ് ഗാർഡൻ, ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിലെ വിവിധ പവലിയനുകൾ തുടങ്ങിയ ഇടങ്ങളിൽ പ്രത്യേക ലേസർ ഷോ, സംഗീത പരിപാടികൾ എന്നിവയും അരങ്ങേറുന്നതാണ്.

ഈ ആഘോഷപരിപാടികളെല്ലാം ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ ഒരുക്കിയിട്ടുള്ള കൂറ്റൻ ഔട്ഡോർ സ്‌ക്രീനുകളിൽ പ്രദര്ശിപ്പിക്കുന്നതാണ്. പുതുവർഷാഘോഷങ്ങളുടെ ഭാഗമായി ഫെസ്റ്റിവൽ വേദിയിൽ അയാല, അൽ റസ്‌ഫ തുടങ്ങിയ കലാരൂപങ്ങൾ, മറ്റു നാടോടി കലാപ്രദർശനങ്ങൾ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാംസ്‌കാരിക പരിപാടികൾ, കുട്ടികൾക്കായുള്ള വിവിധ കലാപരിപാടികൾ, മത്സരങ്ങൾ തുടങ്ങിയവയും അരങ്ങേറും.